Cinemapranthan
null

കോവിഡ് പോസ്റ്റ് തെറ്റായ വിവരം നൽകുന്നു; ട്വിറ്ററിന് പിന്നാലെ കങ്കണയുടെ കുറിപ്പ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാമും

കങ്കണയുടെ കോവിഡ് പോസ്റ്റിനെതിരെ നേരത്തെ വ്യാപക പ്രതിക്ഷേധം ഉയർന്നിരുന്നു

null

വിദ്വേഷ പ്രചരണം നടത്തിയതിന് ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ കങ്കണയ്ക്കെതിരെ നടപടിയുമായി ഇൻസ്റ്റഗ്രാമും. കോവിഡ് ബാധിച്ചുവെന്ന് അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ കങ്കണ പങ്കുവച്ച കുറിപ്പ് സമൂഹത്തിൽ തെറ്റായ വിവരം നൽകിയതിനാണ് അധികൃതർ പോസ്റ്റ് നീക്കം ചെയ്തത്. കങ്കണയുടെ കോവിഡ് പോസ്റ്റിനെതിരെ നേരത്തെ വ്യാപക പ്രതിക്ഷേധം ഉയർന്നിരുന്നു. കോവിഡ് ഒരു ചെറിയ പനിയാണെന്നും അതിന് ആവശ്യമില്ലാത്ത പ്രചാരണം നൽകി ​ആളുകളെ പേടിപ്പിക്കുന്നുവെന്നും ആണ് നടി കുറിപ്പിൽ പറഞ്ഞിരുന്നത്. കേവലം ജലദോഷപനി മാത്രമാണ് കൊവിഡ് എന്ന പരാമര്‍ശമാണ് വിവാദമായത്.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളിൽ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു, ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനാൽ ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി, ഇന്ന് ഫലം വന്നു, ഞാൻ പോസിറ്റീവ് ആണ്. നിലവിൽ ക്വാറന്റീനിലാണ്. ഈ വൈറസ്‌ എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം. ഹര ഹര മഹാദേവ്” എന്നാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

രാജ്യത്ത് ദിവസവും ആയിരക്കണക്കിന് പേർ കോവിഡ് ബാധിച്ച് മരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കങ്കണ രോഗത്തെ ചെറിയൊരു പനി എന്ന് വിശേഷിപ്പിച്ചത് എന്നായിരുന്നു പ്രധാന വിമർശനം. കങ്കണയുടെ പോസ്റ്റിന് താഴെ നിരവധി പേർ പ്രതിഷേധവുമായി എത്തി. പ്രതിഷേധം ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്യ്തത്.

പോസ്റ്റ് നീക്കം ചെയ്തതിന് എതിരെ കങ്കണ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ”കോവിഡിനെ തകർക്കുമെന്ന് പറഞ്ഞത് ചിലരെ വേദനിപ്പിച്ചതിനാൽ ഇൻസ്റ്റഗ്രാം എന്റെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. ട്വിറ്ററിൽ, തീവ്രവാദികളേയും കമ്യൂണിസ്റ്റ് അനുഭാവികളേയും കുറിച്ച് കേട്ടിരുന്നു. ഇപ്പോഴിതാ കോവിഡ് ഫാൻ ക്ലബ്ബും. രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമിലുണ്ട്. പക്ഷേ ഒരാഴ്ച്ചയിൽ കൂടുതൽ ഇവിടെ കാണുമെന്ന് തോന്നുന്നില്ല.” നടി പ്രതികരിച്ചു.

പശ്ചിമ ബംഗാളിലെ സംഘർഷവുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയ ട്വീറ്റുകളെ തുടർന്ന് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ പൂട്ടിയിരുന്നു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #IndiaFightsCorona #breakthechain #covidsecondwave #letsfightagainstcovid

cp-webdesk

null
null