Cinemapranthan
null

ടെക്നോളജി പ്രേതമാകുമ്പോൾ; ഭയത്തിന്റെ ചതുർമുഖം

null

ചതുർമുഖം – ടെക്നോളജി പ്രേതമാകുമ്പോൾ

മഞ്ജു വാരിയർ നായികയാകുന്ന പുതിയ ചിത്രമാണ് ചതുർമുഖം. കോഹിനൂറിന്റെ തിരക്കഥാകൃത്തുക്കളായ സലിൽ വിയും, രഞ്ജീത് കമല ശങ്കറുമാണ് ചിത്രത്തിന്റെ സംവിധായകർ. ചതുർ മുഖം ഒരു ടെക്നോ ഹൊറർ ത്രില്ലറെന്ന ലേബലിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.മലയാളത്തിൽ ഇന്ന് വരെ ഇത്തരമൊരു ഹൊറർ ചിത്രം വന്നിട്ടില്ല. ടെക്നോ ഹൊറർ പ്രേക്ഷകന് ഒരു പുത്തൻ അനുഭവം തന്നെയാണ്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന തേജസ്വിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. തേജസ്വിനി ഒരു മൊബൈൽ അഡിക്റ്റ് ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ സെൽഫി എടുത്ത് തുടങ്ങുന്ന, സമൂഹ മാധ്യമങ്ങളിൽ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പങ്ക് വെക്കുന്ന വ്യക്തി. ഫോൺ ജീവിതത്തോട് ഇത്രയും ലയിച്ചു ജീവിക്കുന്ന തേജസ്വിനിയുടെ ഫോൺ ഒരു ദിവസം നഷ്ടമാവുകയും, തുടർന്ന് മറ്റൊരു ഫോൺ വാങ്ങുകയും ചെയ്യുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലേക്ക് വന്നതിന് ശേഷം അരങ്ങേറുന്ന നിഗൂഢതകൾ നിറഞ്ഞ സംഭവങ്ങളുടെ കഥയാണ് ചതുർമുഖം. തേജസ്വിനിയിലൂടെ അവൾക്ക് ചുറ്റും സംഭവിക്കുന്ന പ്രശ്നങ്ങൾക്ക്, അവയുടെ കാര്യ കാരണങ്ങളിലേക്കുള്ള സഞ്ചാരമാണ് ചിത്രം. മുഴുനീള ഒരു ഹൊറർ ത്രില്ലർ അണിയിച്ചൊരുക്കുന്നതിൽ സംവിധായകർ വിജയം കൈവരിച്ചു എന്ന് നിസംശയം പറയാം. ഒരു ഹൊറർ ത്രില്ലർ ടെക്നോളജിയുടെ ലോകത്തിൽ നിന്ന് പറഞ്ഞു എന്നത് ചിത്രത്തെ ഒരു വേറിട്ട ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നുണ്ട്. സമീപകാലത്ത് നമ്മൾ കണ്ട പല ഹൊറർ ത്രില്ലറുകളിൽ നിന്ന് പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും ചതുർമുഖം വേറിട്ട് നിൽക്കുന്നു. മഞ്ജു വാരിയർ തന്റെ കരിയറിലെ മറ്റൊരു മികച്ച വേഷം കാഴ്ചവെച്ചിരിക്കുകയാണ് ചിത്രത്തിലൂടെ. രണ്ടാം പകുതിയിൽ, പ്രത്യേകിച്ച് ക്ലൈമാക്സിൽ മഞ്ജു വാരിയർ എന്ന നടിയുടെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ കഴിയുക. മറ്റൊരു പ്രധാന പ്രശംസ അർഹിക്കുന്നത് അതിന്റെ ടെക്നിക്കൽ സൈഡാണ്. അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും, ഡോൺ വിൻസെന്റിന്റെ ഓഡിയോ ഗ്രാഫിയും എല്ലാം ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റാണ്. ചിത്രത്തെ ഒരു മികച്ച ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നതിൽ ഇവയെല്ലാം വളരെ വലിയ പങ്ക് വഹിച്ചു. ചതുർമുഖം എന്ത്കൊണ്ടും കണ്ടിരിക്കേണ്ട സമീപകാലത്തെ മികച്ച ഹൊറർ ത്രില്ലറാണ്. പ്രമേയം കൊണ്ടും മേക്കിങ് കൊണ്ടും വേറിട്ട് നിൽക്കുന്ന ചിത്രം.

cp-webdesk

null
null