Cinemapranthan
null

അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ല; തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്

തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിക്കുന്നു.

null

സിദ്ധാര്‍ഥ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങിയ വർത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് എഴുതിയ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ദില്ലി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിക്കുന്നു.

ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നു എന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദർശനാനുമതി നൽകുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ ?സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.

പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തിയത്. ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. ഇതേദിവസം തന്നെ അഡ്വ. വി സന്ദീപ് കുമാര്‍ ഇട്ട ട്വീറ്റ് ആണ് വിവാദത്തിലായത്. ചിത്രം താന്‍ കണ്ടെന്നും ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‍ലിം പീഡനമാണ് വിഷയമെന്നും സന്ദീപ് കുമാര്‍ കുറിച്ചു. ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും ആര്യാടന്‍ ഷൗക്കത്ത് ആയതുകൊണ്ടാണ് താന്‍ എതിര്‍ത്തതെന്നും ‘രാജ്യവിരുദ്ധ’മാണ് സിനിമയുടെ പ്രമേയമെന്നും. രഹസ്യസ്വഭാവമുള്ള സെൻസറിംഗ് വിവരങ്ങൾ അംഗങ്ങൾ പരസ്യമാക്കരുതെന്നാണ് ചട്ടം. ഇതിനൊപ്പം എതിര്‍പ്പറിയിച്ചതിനു നിരത്തിയ കാരണങ്ങളും ചർച്ചയായതോടെ സന്ദീപ് ട്വീറ്റ് പിൻവലിച്ചു. എന്നാല്‍ ഇതിന് മുൻപ് തന്നെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

cp-webdesk

null
null