Cinemapranthan

കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്ന് അച്ഛൻ; മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്: അനശ്വര പറയുന്നു

‘എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു’

null

‘അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്’– അനശ്വര പറയുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ സദാചാര ആക്രമണം നേരിട്ട അനശ്വര രാജൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്.
‘മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപാഠികള്‍ ഇവർക്കൊന്നും യാതൊരു പ്രശ്നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ വസ്ത്രം വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്’– അനശ്വര പറയുന്നു.
ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് സൈബർ ആക്രമണത്തിന് കാരണമായത്. പതിനെട്ടാം വയസ് തികഞ്ഞതിന് പിന്നാലെയാണ് ചിത്രങ്ങൾ അനശ്വര സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്.

‘എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ഈ ആളുകള്‍ അവരെ അടിച്ചമര്‍ത്തില്ലേ?’ എന്നെപ്പോലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ മറുപടി നല്‍കിയത്.’ അനശ്വര പറഞ്ഞു.

ചിത്രം പങ്ക് വെച്ചതിനു പിന്നാലെ വന്ന മോശം കമന്റുകൾ കണ്ടപ്പോൾ ആദ്യം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ അത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് പ്രതികരിച്ചതെന്നും അനശ്വര പറഞ്ഞു. കമന്റുകൾ തന്നെ വൈകാരികമായി ബാധിച്ചില്ല എന്ന് പറഞ്ഞ അനശ്വര നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചു പോയി എന്ന് പറയുന്നു. മോശം പ്രതികരണം ഉണ്ടാവുമെന്ന് കരുതിയെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല എന്നും അനശ്വര പറഞ്ഞു.

സദാചാര ആക്രമണത്തിന് എതിരെയും അനശ്വരക്ക് പിന്തുണ പ്രഖ്യാപിച്ചും മലയാള സിനിമയിൽ നിന്ന് നിരവധി പേരാണ് രംഗത്തെത്തിയത്. ‘സ്ത്രീകൾക്ക് കാലുകൾ ഉണ്ടെന്ന്’ പറഞ്ഞു കൊണ്ട് തങ്ങളുടെ കാലുകൾ കാണുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് റിമ കല്ലിങ്ങൽ,ഫഹദ് ഫാസിൽ, അന്നബെൻ,അഹാന കൃഷ്ണകുമാർ ഉൾപ്പടെയുള്ള താരങ്ങൾ പിന്തുണ അറിയിച്ചത്.
സദാചാര വാദികൾക്ക് അനശ്വര തന്നെ മറുപടിയും നൽകിയിരുന്നു. ‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനെന്നോർത്ത് നിങ്ങൾ ആശങ്കപ്പെടുക’ എന്നാണ് അനശ്വര പ്രതികരിച്ചത്.

cp-webdesk

null

Latest Updates