Cinemapranthan
null

മരക്കാറിനു മുമ്പ് ‘ദൃശ്യം-2’ റിലീസ്: ആന്റണി പെരുമ്പാവൂർ പറയുന്നു

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകാരണവും വൈകാതെ ആരംഭിക്കും എന്നും ആന്റണി പെരുമ്പാവൂർ കൂട്ടി ചേർത്തു.

null

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പ്രിയദർശൻ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. എന്നാൽ കോവിഡ് സാഹചര്യം നീണ്ടുപോയാൽ ഈ ചിത്രത്തിന് മുമ്പ് ‘ദൃശ്യം 2’ പ്രേക്ഷകരിലേക്ക് എത്താൻ സാധ്യതയുണ്ടന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഓണത്തോട് അനുബന്ധിച്ച് കൊച്ചിൻ കലാഭവൻ ലണ്ടന്റെ വീ ഷാൽ ഓവർ കം തിരുവോണ ലൈവ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകാരണവും വൈകാതെ ആരംഭിക്കും എന്നും ആന്റണി പെരുമ്പാവൂർ കൂട്ടി ചേർത്തു.

‘32 വർഷം മുമ്പ് മോഹൻലാൽ സാറിന്റെ കൂടെ വണ്ടി ഓടിക്കാൻ പോയ ആളാണ്. ഒരു ഷൂട്ടിങ് സ്ഥലത്ത് ഞാൻ ഓടിച്ചിരുന്ന വണ്ടിയിൽ അദ്ദേഹം കയറുകയും എന്നോട് സ്നേഹം തോന്നി കൂടെ കൂട്ടുകയുമായിരുന്നു. 32 വര്‍ഷമായി ഞാൻ ലാല്‍ സാറിന്റെ കൂടെ ആയിട്ട്. എന്റെ തുടക്കം വാഹനം ഓടിക്കൽ ആയിരുന്നു. പത്ത് വർഷം ജോലി ചെയ്തു. ഈ സാഹചര്യത്തിലേയ്ക്ക് എന്നെ വളർത്തിക്കൊണ്ടു വന്നത് ലാൽ സാർ ആണ്. സിനിമ നിർമിക്കുന്നതു പോലും എന്റെ മനസിൽ തോന്നിയിട്ടില്ല. അദ്ദേഹം എന്നെ കൂടെ കൂട്ടിയതു പോലും സ്വപ്നം പോലെ തോന്നുന്നു.’–ആന്റണി പെരുമ്പാവൂർ പറയുന്നു.

കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധികൾ സൃഷ്ട്ടിക്കുമ്പോൾ സിനിമ മേഖലയിലും കൊറോണ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും തീയേറ്റർ റിലീസുകൾ ഇല്ലാതെ ഒരു ഓണക്കാലം കടന്ന് പോകുന്നത്. തീയേറ്റർ റിലീസുകൾ ഇല്ലെങ്കിലും ഈ മാറിയ കാലത്ത് , ഓൺലൈൻ റീലിസിലൂടെ പുതിയ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. മണിയറയിൽ അശോകൻ, സി .യൂ സൂൺ’ എന്ന ചിത്രങ്ങൾ ഒ.ടി.ടി റിലീസായി ഓണത്തിന് എത്തിയിരുന്നു. കൂടാതെ ടോവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നേരിട്ട് ടെലിവിഷൻ റിലീസായി ആണ് എത്തിയത്.

‘ലാൽ സാർ തന്നെയാണ് പല സംവിധാകരോടും ‘ആന്റണി അഭിനയിക്കും ചെറിയ വേഷം കൊടുക്കൂ’ എന്നു പറയുന്നത്. സത്യത്തിൽ ഇതൊക്കെ ചർച്ചയാകും മുമ്പ് ലാൽ സാറിന്റെ ഇരുപതോളം സിനിമകളിൽ ചെറിയ വേഷത്തിൽ ഞാൻ എത്തിയിട്ടുണ്ട്.’

‘ദൃശ്യം 2 സെപ്റ്റംബര്‍ 14ന് ചിത്രീകരണം ആരംഭിക്കും. എറണാകുളത്തും തൊടുപുഴയിലുമായാകും ചിത്രീകരണം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളോടെയാണ് ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകുന്ന എല്ലാവരിലും കോവിഡ് പരിശോധന നടത്തും. ഒരു ഹോട്ടലിലാകും എല്ലാവരെയും താമസിപ്പിക്കുക.’

‘കോവിഡ് സിനിമാ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കുഞ്ഞാലിമരക്കാര്‍ മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്നതാണ്. ലോകമൊട്ടാകെയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോക്ഡൗണ്‍ വന്നത്. കേരളത്തില്‍ രാത്രി 12 മണിക്ക് 300ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിയമാണ് അത്. നേരം െവളുക്കുമ്പോൾ തന്നെ ആയിരം ഷോ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഒരു സാഹചര്യം ഇനി എപ്പോള്‍ ഉണ്ടാകുമെന്ന് അറിയില്ല. അതിന്റെയൊക്കെ ഒരു സങ്കടമുണ്ട്.’

‘കോവിഡിന്റെ സാഹചര്യമൊക്കെ മാറി, ആളുകള്‍ തിയറ്ററില്‍ എത്തി തുടങ്ങിയതിന് ശേഷം മാത്രമേ കുഞ്ഞാലി മരക്കാര്‍ റിലീസ് ഉണ്ടാകൂ. എല്ലാ രാജ്യത്തും ഒന്നിച്ചു റിലീസ് ചെയ്യേണ്ട സിനിമയാണിത്. കോവിഡ് നീണ്ടു പോയാല്‍ ദൃശ്യം 2 ആകും ആദ്യം റിലീസ് ചെയ്യുക.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ചേട്ടനുമൊക്കെ ചിത്രവുമായി ബന്ധപ്പെട്ട ജോലികളിലാണ്, അതിന്റെ ധാരണയായിട്ടുണ്ട്. വലിയ താമസമില്ലാതെ തന്നെ ചിത്രീകരണം തുടങ്ങും. ലൂസിഫര്‍ പോലുള്ള ചിത്രങ്ങളുടെ വിജയമാണ് വീണ്ടും ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം തരുന്നത്.

‘ദൃശ്യം 2’-നെ കുറിച്ച് എല്ലാവരുടെയും മനസില്‍ ഒരു കഥ കണ്ടിട്ടുണ്ടാകും. ജോർജുകുട്ടിക്ക് എന്താണ് സംഭവിച്ചത്. എന്തായാലും  ദൃശ്യം 2 അവര്‍ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ല. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് വർഷങ്ങൾക്കു മുമ്പേ ഞാൻ ജീത്തുവിനോട് ആവശ്യപ്പെട്ടിരുന്നു. ‘ഇല്ല അണ്ണാ, കഥ കിട്ടുന്നില്ല’ എന്നായിരുന്നു ജീത്തു സംസാരിച്ചത്. ഈ അടുത്തിടെ ജീത്തു വിളിച്ചു, ഒരു ത്രെഡ് കിട്ടിയെന്ന് പറഞ്ഞു. വർഷങ്ങളോളം ജീത്തു മനസ്സിൽ കണ്ട കാര്യമാണത്. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു കാര്യം ആ സിനിമയിലുണ്ടെങ്കിലേ അത് ചെയ്തിട്ട് കാര്യമുള്ളൂ, മാത്രമല്ല സെക്കൻഡ് പാര്‍ട്ടുകള്‍ വളരെ സൂക്ഷിച്ച് മാത്രമേ എടുക്കാന്‍ പാടുള്ളൂ. അതുകൊണ്ട് കഥയില്‍ വളരെ അതികം ജോലികള്‍ ചെയ്തിട്ടാണ് ജീത്തു ജോസഫ് അത് ചെയ്യുന്നത്.’–ആന്റണി പറയുന്നു

cp-webdesk

null
null