Cinemapranthan
null

സൂഫി ഇനി റജീനയുടേത്: നടൻ ദേവ് മോഹൻ വിവാഹിതനായി

null

‘സൂഫിയും സുജാതയും’ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ റജീനയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് ദേവ് വിവാഹ കാര്യം അറിയിച്ചത്.

“നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. ഇതൊരു മുത്തശ്ശിക്കഥയല്ല, ഒരു ദശാബ്ദമായി കരുത്തേകുന്നതാണ്. നല്ല കാലങ്ങളിലും മോശം സമയത്തും നീ കൂടെ നിന്നു, ക്ഷമയോടെ, എനിക്കു കരുത്തേകുന്ന തൂണായി….എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾക്കെല്ലാം നീ സാക്ഷിയായിരുന്നു. എന്നും നിന്നോട് ചേർന്നിരിക്കാൻ എന്നെ അനുവദിക്കൂ… നിന്റെ സന്തോഷങ്ങളിൽ പങ്കാളിയാവാൻ, നിനക്കൊപ്പം ഈ ജീവിതം ആഘോഷിക്കാൻ… പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളാൽ ഒരുമിച്ചുള്ള യാത്ര തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ… എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ഞങ്ങൾ ആഗ്രഹിക്കുന്നു…” തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ദേവ് കുറിച്ചു.

കുടുംബത്തിൽ ഒരു മരണമുണ്ടായതിനാൽ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ് പറഞ്ഞു. തൃശൂർ സ്വദേശിയായ ദേവും റജീനയും ബാംഗ്ലൂരിൽ ആണ് ജോലി ചെയ്യുന്നത്. പത്തുവർഷമായി ദേവും റജീനയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടെയും പൂർണസമ്മതത്തോടെയും ആശീർവാദത്തോടെയുമായിരുന്നു വിവാഹമെന്നും ദേവ് പറഞ്ഞു.

മെക്കാനിക്കൽ എൻജിനീയറായ ദേവ് സൂഫിയെന്ന കഥാപാത്രത്തിനായി ഏതാണ്ട് രണ്ടു വർഷത്തോളമാണ് ദേവ് മാറ്റിവച്ചത്. ഓഡിഷനിലൂടെയാണ് ദേവ് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലേക്ക് എത്തുന്നത്.
ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു താരം. മികച്ച പ്രകടനം കാഴ്ച വെച്ച ദേവ് ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി സൂഫി നൃത്തം പഠിച്ചിരുന്നു.

“ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു, സൂഫി വേർളിങ് (കറങ്ങി കാെണ്ടുള്ള നൃത്തം). മെഡിറ്റേഷനിലൂടെ ചെയ്യേണ്ടതാണ് അത്. എനിക്ക് ഡാൻസുമായി വലിയ ബന്ധമൊന്നുമില്ല. കഥാപാത്രത്തിന് അത് അത്യാവശ്യവുമാണ്. ഞാൻ യൂട്യൂബിൽ വീഡിയോ നോക്കി പഠിക്കാൻ ശ്രമിച്ചു. കൂടുതൽ മനസ്സിലാക്കാൻ അജ്മീർ ദർഗ സന്ദർശിച്ചു, പക്ഷേ പെട്ടെന്നുള്ള യാത്രയായതിനാൽ സമയം കുറവായിരുന്നു. സൂഫി നൃത്തം ചെയ്യുന്ന ആരെയും എനിക്ക് അവിടെ കണ്ടെത്താനും കഴിഞ്ഞില്ല. പിന്നീട് തുർക്കിയിലെ ഇസ്താംബുളിലാണ് ഇതിന്റെ ഹബ്ബെന്നു മനസിലാക്കി. ഏതാണ്ട് എട്ടൊൻപതുമാസം എടുത്താണ് സിനിമയ്ക്കു വേണ്ട രീതിയിൽ വേർളിങ് ചെയ്യാൻ ഞാൻ പഠിച്ചത്. ആദ്യമൊക്കെ കറങ്ങി നൃത്തം ചെയ്യുമ്പോൾ തലവേദന വരും, ഛർദ്ദിക്കാൻ തോന്നും. പിന്നെ ഞാനതുമായി പരിചിതമായി,” ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദേവ് പറഞ്ഞു. മലയാളത്തിലെ ആദ്യ ഒ ടി ടി ചിത്രമാണ് ‘സൂഫിയും സുജാതയും’..

cp-webdesk

null
null