വമ്പൻ സിനിമകളുമായി ഇത്തവണത്തെ ഓണം ബോക്സ് ഓഫീസ് പോരാട്ടം ചൂടുപിടിക്കുകയാണ്. ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’, പൃഥ്വിരാജിന്റെ ‘ഖലീഫ’, നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നീ മൂന്ന് സൂപ്പർതാര ചിത്രങ്ങളാണ് ഇപ്രാവശ്യം തിയേറ്ററുകളിൽ എത്തുന്നത്. തിയേറ്ററുകളെ ആവേശത്തിലാഴ്ത്തുന്ന ഈ ഓണം റിലീസുകളെക്കുറിച്ച് കൊച്ചി ഷേണായ്സ് തിയേറ്റർ ഉടമ സുരേഷ് ഷേണായ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

രണ്ട് മാസ്സ് ആക്ഷൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുമ്പോൾ, ഫാമിലി ഓഡിയൻസിനെ ആകർഷിച്ച് നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒരു അണ്ടർഡോഗ് ഹിറ്റാകാൻ സാധ്യത കൂടുതലാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. രണ്ട് ആക്ഷൻ ജോണറുകൾ തമ്മിൽ തല്ലുപിടിക്കുമ്പോൾ, അതിന്റെ സൈഡിലിരിക്കുന്ന ഫാമിലി സിനിമയ്ക്ക് ആളുകയറാൻ വലിയ സാധ്യതയുണ്ടെന്നും മൂന്ന് സിനിമകൾക്കുമുള്ള സ്പേസ് കേരളത്തിലുണ്ടെന്നും സുരേഷ് ഷേണായ് വ്യക്തമാക്കി.

നഹാസ് ഹിദായത്ത് ഒരുക്കുന്ന ‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20-നും, മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20-നും തിയേറ്ററുകളിലെത്തും. തൊട്ടടുത്ത ദിവസം, ഓഗസ്റ്റ് 21-നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന നിവിൻ പോളി-മമിത ബൈജു ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ റിലീസ് ചെയ്യുന്നത്. മാസ്സും ഫാമിലി എന്റർടൈനറുകളും ഒരേസമയം എത്തുമ്പോൾ ഇത്തവണത്തെ ഓണം തിയേറ്ററുകൾക്ക് വലിയ ഉത്സവകാലമാകുമെന്ന് ഉറപ്പാണ്.






