Cinemapranthan

തിയേറ്ററുകളിലെത്തുക പുത്തൻ ജനനായകന്റെ വേർഷൻ, പാട്ടുകളിലടക്കം വൻ മാറ്റങ്ങൾ

തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം തിയേറ്ററുകളിൽ റിലീസിനെത്തുന്ന ദളപതി വിജയ്‍യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ ‘ജനനായകൻ’ കാണാൻ വലിയ ആവേശത്തോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രിന്റ് ലീക്കായത് വലിയ ആശങ്കകൾക്ക് കാരണമായിരുന്നു. എന്നാൽ ഇപ്പോഴിതാ തിയേറ്ററുകളിൽ എത്താൻ പോകുന്നത് സിനിമയുടെ തികച്ചും പുതുക്കിയ ഒരു പതിപ്പായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് കെ.എൻ. നാരായണ.

‘ജനനായകനിൽ’ ഒരുപാട് മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ടെന്നും വളരെ വ്യത്യസ്തമായ ഒരു വേർഷനാകും പ്രേക്ഷകർ തിയേറ്ററിൽ കാണാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടുകളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ നിർമാതാവ്, ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ ഇന്നുവരെ സിനിമ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയതെന്നും എന്നാൽ സർപ്രൈസുകൾ നഷ്ടപ്പെടുത്താതിരിക്കാൻ ഒരു സ്‌പോയിലറും നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.

കേരളത്തിലെ ദളപതി ആരാധകർക്ക് ആവേശം കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ കേരള അഡ്വാൻസ് ബുക്കിംഗ് ജൂലൈ 18-ന് വൈകുന്നേരം 6:01 മുതൽ ആരംഭിക്കും. ആദ്യ ദിനം തന്നെ വമ്പൻ ബോക്‌സ് ഓഫീസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ബോബി ഡിയോൾ, പൂജ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയ്‍യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ഒരു ഗാനരംഗത്തിൽ ഒപ്പമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിൽ അരശ് ആക്ഷനും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.

cp-webdesk

null