നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഇന്ത്യൻ സിനിമാ ലോകം ഏറെ നാളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യാവിഷ്കാരം ‘രാമായണ’ത്തിന്റെ ബിസിനസ്സ് വിവരങ്ങൾ പുറത്ത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം പ്രമുഖ നിർമ്മാതാവ് കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് സ്വന്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു. 250 കോടി രൂപയ്ക്കാണ് ഈ റെക്കോർഡ് ഡീൽ ഉറപ്പിച്ചത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്രശസ്ത ഹോളിവുഡ് കമ്പനിയായ വാർണർ ബ്രോസ് പിക്ചേഴ്സിനാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം നവംബറിൽ ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി വൻ പ്രതിഫലമാണ് പ്രധാന താരങ്ങൾ കൈപ്പറ്റുന്നത്. ശ്രീരാമനായി എത്തുന്ന രൺബീർ കപൂറിന് ഒരു ഭാഗത്തിന് 75 കോടി വീതം രണ്ട് ഭാഗങ്ങൾക്കുമായി 150 കോടി രൂപയാണ് പ്രതിഫലം. രാവണനായി എത്തുന്ന കന്നഡ സൂപ്പർതാരം യഷിന് രണ്ട് ഭാഗങ്ങളിൽ നിന്നുമായി 100 കോടിയും, സീതയായി വേഷമിടുന്ന സായ് പല്ലവിക്ക് രണ്ട് ചിത്രങ്ങൾക്കുമായി 12 കോടി രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. ഹനുമാനായി എത്തുന്ന സണ്ണി ഡിയോളിന് 20 കോടിയും ലക്ഷ്മണനാകുന്ന രവി ദൂബെയ്ക്ക് 4 കോടിയുമാണ് ചിത്രത്തിനായി ലഭിക്കുന്ന തുക.

രൺബീർ കപൂറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷനും യഷിന്റെ രാവണൻ ലുക്കും കാണിക്കുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും സിനിമ എന്ന സൂചന ടീസർ നൽകുന്നുണ്ടെങ്കിലും, ഇതിലെ വിഷ്വൽ എഫക്ട്സിനെതിരെ (VFX) സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ടീസറിലെ ചില ഷോട്ടുകൾ കണ്ടിട്ട് AI നിർമ്മിതം പോലെ തോന്നിക്കുന്നുണ്ടെന്നും, 4000 കോടിക്ക് മുകളിൽ ബഡ്ജറ്റുള്ള ഒരു സിനിമയ്ക്ക് അനുയോജ്യമായ നിലവാരം ഇതിനില്ലെന്നുമാണ് ഒരു വിഭാഗം സിനിമാപ്രേമികളുടെ കമന്റുകൾ. ചില വിഷ്വലുകൾ ഗംഭീരമാണെങ്കിലും, റിലീസിന് മുൻപ് അണിയറപ്രവർത്തകർ വിഎഫ്എക്സ് ഇനിയും ഒരുപാട് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.






