2022-ൽ ഖത്തറിന്റെ മണ്ണിൽ അർജന്റീന ലോകകിരീടം ചൂടിയത് ഫുട്ബോൾ ലോകം ഒരുകാലത്തും മറക്കാത്ത ചരിത്രമാണ്. എന്നാൽ ആ വിജയത്തിന് ശേഷം ഡ്രെസ്സിങ് റൂമിലും താരങ്ങളുടെ വ്യക്തിജീവിതത്തിലും നടന്ന ചില വൈകാരികമായ നിമിഷങ്ങൾ പലപ്പോഴും ഇപ്പോഴാണ് പുറത്തുവരുന്നത്. ലോകകപ്പ് നേടി കൃത്യം ഒരാഴ്ചയ്ക്ക് ശേഷം തങ്ങളെ തേടിയെത്തിയ ഒരു അജ്ഞാത സമ്മാനത്തെക്കുറിച്ചും ക്യാപ്റ്റൻ ലിയോ മെസ്സിയുടെ ഹൃദയം തൊടുന്ന പെരുമാറ്റത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അർജന്റീനൻ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ.
ലോകകപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ഡി പോളിന് ഒരു പാക്കേജ് ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പേരോ വിലാസമോ ഇല്ലാത്ത ആ പാക്കേജ് തുറന്നപ്പോൾ അതിൽ തിളങ്ങിനിൽക്കുന്ന ഒരു സ്വർണ്ണ ഐഫോൺ (Gold iPhone) ആയിരുന്നു. ആദ്യം ഡെലിവറി മാറി വന്നതാണെന്ന് കരുതിയെങ്കിലും തൊട്ടുപിന്നാലെ സഹതാരം നിക്കോളാസ് ഒട്ടമെൻഡിയുടെ കോൾ എത്തി. തനിക്കും സമാനമായ സ്വർണ്ണ ഐഫോൺ ലഭിച്ചുവെന്നായിരുന്നു ഒട്ടമെൻഡി പറഞ്ഞത്. പിന്നാലെ ടീമിലെ ഓരോ അംഗങ്ങൾക്കും ഇതേ സമ്മാനം ലഭിച്ചതായി താരങ്ങൾ തിരിച്ചറിഞ്ഞു.
ആരാണ് ഈ വിലപിടിപ്പുള്ള സമ്മാനത്തിന് പിന്നിലെന്ന് എല്ലാവരും അത്ഭുതപ്പെട്ടിരിക്കെയാണ് ഡി പോളിന്റെ ഫോണിലേക്ക് ആ സന്ദേശമെത്തുന്നത്; അത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ ലിയോ മെസ്സി ആയിരുന്നു!
“ഈ ഫോൺ നിനക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. നിങ്ങൾ എല്ലാവരും സ്വർണത്തിന് തുല്യമായ കളിക്കാരാണ്, ഏറ്റവും മികച്ചത് നിങ്ങൾ അർഹിക്കുന്നു. അർജന്റീനയ്ക്കും എനിക്കും വേണ്ടി നിങ്ങൾ ചെയ്തതിന്റെ ചെറിയൊരു നന്ദിയാണ് ഇത്. നിങ്ങൾ എന്റെ സൈനികരാണ്.” – മെസ്സി ഡി പോളിന് അയച്ച സന്ദേശത്തിൽ കുറിച്ചു.
ആ സന്ദേശം താൻ വീണ്ടും വീണ്ടും വായിച്ചുവെന്നും ഫോണിന്റെയോ സ്വർണ്ണത്തിന്റെയോ മൂല്യം കൊണ്ടല്ല, മറിച്ച് ഒരു രാജ്യത്തിന്റെ മുഴുവൻ സമ്മർദ്ദവും ചുമലിലേറ്റി നടന്ന തങ്ങളുടെ നായകൻ തങ്ങളെ ഓർത്തു എന്നതുകൊണ്ടാണ് അതത്ര പ്രിയപ്പെട്ടതായതെന്നും ഡി പോൾ പറയുന്നു. ലോകം മെസ്സിയുടെ ഗോളുകളും റെക്കോർഡുകളും കാണുമ്പോൾ, തങ്ങൾ കണ്ടത് കൂടെ പോരാടിയവരെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു മനുഷ്യനെയാണെന്നും താരം കൂട്ടിച്ചേർത്തു.

ടീമിലെ മിക്ക അംഗങ്ങളും ആ ഫോൺ ഉപയോഗിക്കാതെ തങ്ങളുടെ വീടുകളിൽ ഒരു ട്രോഫി പോലെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. ലോകം മുഴുവൻ മെസ്സിയുടെ കിരീടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, എല്ലാം നേടിയിട്ടും കൂടെ നിന്നവർക്ക് നന്ദി പറയാൻ കാണിച്ച ആ വലിയ മനസ്സിനെയാണ് താൻ ഓർക്കുകയെന്നും അതുകൊണ്ടാണ് മെസ്സി തങ്ങൾക്ക് വെറുമൊരു ക്യാപ്റ്റൻ മാത്രമല്ല, ആ ടീമിന്റെ ഹൃദയമായിരുന്നുവെന്നും ഡി പോൾ വൈകാരികമായി പങ്കുവെച്ചു.






