Cinemapranthan

120 കോടി ചോദിച്ചാൽ ആര് തരും? അജിത്തിന്റെ കടുംപിടുത്തം തമിഴ് സിനിമയ്ക്ക് തിരിച്ചടിയാകുന്നു എന്ന് തിരുപ്പൂർ സുബ്രഹ്മണ്യം!

തമിഴ് സിനിമാ വ്യവസായത്തിന് താങ്ങാൻ കഴിയുന്നതിലും വലിയ പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നതെന്ന് പ്രമുഖ വിതരണക്കാരൻ തിരുപ്പൂർ സുബ്രഹ്മണ്യം. താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈകുന്നതിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുന്നു.

തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാകുന്നത് താരത്തിന്റെ പ്രതിഫല ഘടനയാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന് ശേഷം അജിത്തിന്റേതായി പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കാത്തത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് തമിഴിലെ പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നത്.

ഉയർന്ന പ്രതിഫല ആവശ്യങ്ങളാണ് അജിത്തിന്റേതായി പുതിയ സിനിമകൾ ഒന്നും പുറത്തുവരാത്തതിന് കാരണം എന്നാണ് തിരുപ്പൂർ സുബ്രഹ്മണ്യം വ്യക്തമാക്കുന്നത്. തമിഴ് സിനിമാ വ്യവസായത്തിന് നിലവിൽ നൽകാൻ കഴിയുന്നതിലും ഉയർന്ന പ്രതിഫലമാണ് താരം ആവശ്യപ്പെടുന്നത്. ഏകദേശം 110 മുതൽ 120 കോടി രൂപ വരെയാണ് അജിത് ഒരു ചിത്രത്തിനായി ചോദിക്കുന്നത്. ഇത് തമിഴ്നാട്ടിലെ നിർമാതാക്കൾക്ക് നിലവിൽ താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ സൺ പിക്ചേഴ്സ്, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്സ്, വെൽസ് എന്റർടൈൻമെന്റ്സ് തുടങ്ങിയ വമ്പൻ നിർമ്മാണ കമ്പനികളാണ് തമിഴകത്ത് വലിയ പ്രൊജക്ടുകളുമായി മുന്നോട്ട് പോകുന്നത്. എന്നാൽ അജിത് ആവശ്യപ്പെടുന്ന തുക നൽകി ഇത്രയും വലിയ റിസ്ക് എടുക്കാൻ ഇവർക്ക് താല്പര്യമില്ല. പകരം ലാഭവിഹിതം (Profit-sharing) പങ്കുവെക്കുന്ന രീതിയാണ് ഇവർ മുന്നോട്ട് വെക്കുന്നത്. എന്നാൽ നിശ്ചിത പ്രതിഫലം എന്ന നിലപാടിൽ അജിത്ത് ഉറച്ചുനിൽക്കുന്നത് സിനിമകളുടെ തുടർച്ചയെ ബാധിക്കുന്നുണ്ടെന്നും സുബ്രഹ്മണ്യം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ഗുഡ് ബാഡ് അഗ്ലി’ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ആക്ഷൻ എന്റർടൈനർ നിലവിൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. തൃഷ, പ്രിയ വാര്യർ, പ്രഭു, അർജുൻ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവരടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചത് അഭിനന്ദൻ രാമാനുജനും സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാറുമാണ്.

cp-webdesk

null