അഭിനയരംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള താരമാണ് മോഹൻലാൽ. വെള്ളിത്തിരയിൽ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്നതിനൊപ്പം തന്നെ, യഥാർത്ഥ ജീവിതത്തിൽ പാചകത്തിനോടും മോഹൻലാലിന് വലിയ കമ്പമാണ്. ‘ബോയിങ് ബോയിങ്’ എന്ന ചിത്രത്തിൽ കോഴിക്കറി ഉണ്ടാക്കാൻ പാടുപെടുന്ന ലാലേട്ടനെ കണ്ട് പ്രേക്ഷകർ ചിരിച്ചിട്ടുണ്ടെങ്കിലും, ജീവിതത്തിൽ അദ്ദേഹം ഒരു മികച്ച പാചകക്കാരനാണ്. തന്റെ പാചക പരീക്ഷണങ്ങളുടെ വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ, താൻ രണ്ടര വർഷത്തോളം ‘ഗൃഹലക്ഷ്മി’ മാഗസിനിൽ പാചകക്കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്ന കൗതുകകരമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ‘യൂണിടേസ്റ്റ് ഗോൾഡൻ നൈറ്റ്’ അവാർഡ് നിശയിലായിരുന്നു മോഹൻലാലിന്റെ തുറന്നുപറച്ചിൽ.
മോഹൻലാലിന്റെ വാക്കുകൾ: “ഒരു രണ്ടര വർഷം ഞാൻ ഗൃഹലക്ഷ്മി മാഗസിനിൽ പാചകക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. നിങ്ങൾ ആരും ചിലപ്പോൾ ഇത് അറിഞ്ഞിട്ടുണ്ടാകില്ല. ഏതെങ്കിലും വീട്ടിൽ പോയി ഭക്ഷണം കഴിച്ച് അത് ഇഷ്ടപ്പെട്ടാൽ, ആ വിഭവം പാകം ചെയ്തവരോട് ചോദിച്ച് ഞാൻ അത് എഴുതിയെടുക്കും. പിന്നീട് അത് വീട്ടിൽ പരീക്ഷിച്ച് നോക്കും, അത് കഴിഞ്ഞാൽ മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. നല്ല റെസിപ്പികൾ കിട്ടിയാൽ എനിക്കും വാങ്ങിത്തന്നേക്കൂ, ഞങ്ങളും കഴിക്കാം,” മോഹൻലാൽ തമാശരൂപേണ പറഞ്ഞു.

താൻ പാചകം ചെയ്ത് മറ്റുള്ളവർക്ക് വിളമ്പുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് താരം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജ്, വിജയ് , മുകേഷ് തുടങ്ങി നിരവധി സഹപ്രവർത്തകർ ലാലേട്ടന്റെ പാചകത്തിലെ കൈപ്പുണ്യത്തെക്കുറിച്ച് നേരത്തെ തന്നെ വാഴ്ത്തിയിട്ടുമുണ്ട്.






