ചിരുവിന്റെ ഓർമ്മകളിൽ വേദനകളെ അതിജീവിക്കാൻ ശ്രമിക്കുകയാണ് മേഘ്‌ന രാജ്. നടനും ഭർത്താവുമായ ചിരഞ്ജീവി സർജയുടെ അകാലവിയോഗത്തിന്റെ വേദനകളിൽ നിന്ന് ഇത് വരെ മേഘ്‌ന മുക്തി നേടിയിട്ടില്ല. ചിരുവിന്റെ വേർപാട് നൽകിയ വേദനയിൽ നിന്ന് കരകയറാൻ മേഘ്‌നക്ക് ഇപ്പോൾ മറ്റൊരു സന്തോഷമുണ്ട്. ഇരുവരുടെയും കുഞ്ഞ്. അടുത്തിടെയാണ് മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുന്ന മേഘ്നയുടെ വിഡീയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചിരുവിന്റെ മരണം തന്നെ മാനസികമായി തളർത്തിയെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും വീഡിയോയിൽ മേഘ്ന പറയുന്നു. ചിരുവിനോടും തന്റെ കുടുംബത്തിനോടും എല്ലാവരും കാണിച്ച സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.
“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.
മേഘ്നയ്ക്ക് കുഞ്ഞ് ജനിച്ച ഉടനെ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മേഘ്ന പ്രസവിച്ചു എന്ന വാർത്തയറിഞ്ഞപ്പോൾ തന്നെ നസ്രിയയും അനന്യയും സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആയിരുന്നു മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.