Cinemapranthan

മയക്കുമരുന്ന് കേസ്: റിയയയുടെ ജാമ്യാപേക്ഷ തള്ളി

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് ഇവർ അറസ്റ്റിലായത്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിക്കും സഹോദരനും ജാമ്യം നിഷേധിച്ചു. ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. റിയയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിക്കും പുറമെ അറസ്റ്റിലായ മറ്റു എട്ട് പേര്‍ക്കും ജാമ്യം നിഷേധിച്ചു.

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് ഇവർ അറസ്റ്റിലായത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റം ചുമത്തിയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) ഇവരെ അറസ്റ്റ് ചെയ്തത്.

‘തന്നെ നിര്‍ബന്ധിപ്പിച്ച് കുറ്റം സമ്മതം നടത്തിപ്പിച്ചതാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. വ്യാജ കുറ്റങ്ങള്‍ തന്റെ മേല്‍ ചുമത്തി. തനിക്കു നേരെ കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടായി. പല രീതിയിലുള്ള അന്വേഷണങ്ങളും നടത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു’ എന്നിവയാണ് ജാമ്യാപേക്ഷയില്‍ റിയ അറിയിച്ചത്.

റിയക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുകയും സമൂഹത്തിലെ അവരുടെ സ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ വ്യക്തമാക്കി. വിചാരണ കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ജ്യാമ്യാപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകന്‍ അറിയിച്ചു. സെപ്റ്റംബര്‍ 22 വരെയാണ് റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി. നിലവിൽ ബൈക്കുല്ല ജില്ലാ ജയിലിലാണ് റിയയെ പാർപ്പിച്ചിരിക്കുന്നത്.

ജൂണ്‍ 14ന് ആണ് സുശാന്ത് സിങ്ങിനെ മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ അച്ഛന്‍ കെ.കെ. സിങ് റിയയ്‌ക്കെതിരെ പട്‌ന പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആണ് സി ബി ഐ അന്വേക്ഷണം ആരംഭിക്കുന്നത്.

cp-webdesk