Cinemapranthan
null

സ്നേഹക്കൂട്’മായി നടൻ ജയസൂര്യ

null

സ്വന്തമായി നല്ലൊരു വീടെന്ന സ്വപ്നത്തിനു നിറമണിയിച്ച് നടൻ ജയസൂര്യ. ആരോരും ആശ്രയമില്ലാത്തവർക്കു വീട് വെച്ചുന്ന നൽകുന്ന പദ്ധതിയുമായാണ് ജയസൂര്യ എത്തുന്നത്. “സ്നേഹക്കൂട്” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലെ ആദ്യ വീട് ഇതിനകം തന്നെ നിർമ്മിച്ച് നൽകിയിരുന്നു. ഒരു മാസം കൊണ്ടാണ് വീട് പൂർത്തിയാക്കി നൽകിയത്. വർഷത്തിൽ അഞ്ചു വീടുകൾ നിർമ്മിച്ച് നൽകാനാണ് തീരുമാനം.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ വീടു നിർമിച്ചു നൽകുന്ന ന്യൂറ പാനൽ കമ്പനി ഡയറക്ടർ സുബിൻ തോമസിനെ ജയസൂര്യ പരിചയപ്പെട്ടതോടെയാണ് നിരാലംബർക്കുള്ള “സ്നേഹക്കൂട്” എന്ന പദ്ധതി രൂപം കൊള്ളുന്നത്.

“ഹൈബി ഈഡൻ എംപിയുടെ ‘തണൽവീട്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയസൂര്യയെ പരിചയപ്പെടുന്നത്. 18 ദിവസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു താൽപര്യമായി. രണ്ടുമാസം മുൻപ് അദ്ദേഹം വീണ്ടും എന്നെ വിളിച്ചു. രാമമംഗലത്തുള്ള ഒരു കുടുംബത്തിന് വീടു നിർമിച്ചു നൽകുന്നതിനു വേണ്ടിയായിരുന്നു അത്. ഭർത്താവു മരിച്ചു പോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങൾ. അവർക്ക് ജീവിതവരുമാനം ഒന്നുമില്ല. ചോയ്സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് സർ അവർക്കു ഭൂമി നൽകിയിരുന്നു. അങ്ങനെ ജയസൂര്യ അവർക്കു വീടു നിർമിച്ചു നൽകി. ഞങ്ങളുടെ കമ്പനിയുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തിയാക്കിയത്. താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചലച്ചിത്രതാരം റോണിയാണ് അദ്ദേഹത്തിന് പകരം ആ കർമം നിർവഹിച്ചത്,” സുബിൻ പറഞ്ഞു.

“വർഷത്തിൽ അഞ്ചു വീടുകൾ വരെ വച്ചു കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ജയസൂര്യയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് സ്നേഹക്കൂട് ഭവന പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. ഞാനും കമ്പനിയുടെ മറ്റൊരു ഡയറക്ടറായ ജോഷി സി.സി.യുമാണ് നിർമാണപ്രവർത്തനങ്ങളുടെ ഏകോപനം. സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമിച്ചു നൽകുന്നത്. കൂടാതെ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം. 500 ചതുരശ്ര അടിയുള്ള വീടിന് ആറുലക്ഷം രൂപയാണ് ചിലവ്. രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള വീടാണ് നിർമിച്ചു നൽകുന്നത്. ഈ പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ നിർമാണം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട ഒരു വ്യക്തിക്കാണ് ആ വീട് നിർമിച്ചു നൽകുന്നത്,” സുബിൻ കൂട്ടിച്ചേർത്തു.

cp-webdesk

null
null