പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’ ശക്തമായ രാഷ്ട്രീയം പറയുകയാണ്. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയായ പാർവതിയുടെ ഫൈസാ സൂഫിയ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
സെൻസർ ബോർഡിന്റെ വിലക്കുകളെ അതിജീവിച്ച് എത്തിയ ചിത്രം പറയുന്നതും ഇത്തരം വിലക്കുകളുടെ കഥ തന്നെയാണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഗവേഷണത്തിന് ഡൽഹിയിലെ ഒരു സെൻട്രൽ യുണിവേഴ്സിറ്റിയിൽ ഏതുങ്ങുന്ന ഫൈസ സൂഫിയയും, പിന്നീട് ക്യാമ്പസ്സിലുണ്ടാകുന്ന ഓരോ സംഭവവികാസങ്ങളും അതിൽ ഫൈസയുടെ ഇടപെടലും തുടർന്നുണ്ടാകുന്ന വിഷയങ്ങളുമാണ് സിനിമ പറയുന്നത്.

പലപ്പോഴും പല സിനിമകളും പരോക്ഷമായും ഒളിഞ്ഞും നടത്തിയിട്ടുള്ള രാഷ്ട്രീയ വിമർശനങ്ങൾ കുറച്ചുകൂടി വ്യക്തമായും തുറന്നും ചർച്ചചെയ്യുകയാണ് ഈ ചിത്രം. എന്തുകൊണ്ടാണ് ഈ സിനിമക്കും വിലക്ക് നേരിടേണ്ടി വന്നത് എന്നതിനുള്ള ഉത്തരം ഈ സിനിമ തന്നെയാണ്. പറയേണ്ട കാര്യങ്ങൾ വ്യക്തമായി പറയുന്ന കെട്ടുറപ്പുള്ള തിരക്കഥയും, സിദ്ധാർഥ് ശിവ എന്ന സംവിധയാകന്റെ സംവിധാന മികവും പ്രേത്യേകം അഭിനന്ദനം അർഹിക്കുന്നു.
സിനിമയും സിനിമ മേഖലയും പലപ്പോഴും കൃത്യമായ രാഷ്ട്രീയം ചർച്ച ചെയ്യാൻ മടിക്കുമ്പോൾ. ശക്തമായ രാഷ്ട്രീയ ‘വർത്തമാനം’ തന്നെയാണ് സിനിമ പറയുന്നത്. സെന്ററിൽ യൂണിവേഴ്സിറ്റികളിൽ അടക്കം ഇന്ന് ഫാസിസ്റ്റ് ശക്തികൾ നടത്തിവരുന്ന വിദ്വേഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് എതിരെ നിലപാട് ഇടുക്കിയാണ് ഈ ചിത്രം. ക്യാമ്പസുകളിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളെയും ചിത്രം വരച്ചു കാട്ടുന്നു. എന്തുകൊണ്ടും ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാവരും കാണേണ്ടതും ചർച്ചചെയ്യേണ്ടതുമായ സിനിമയാണ് വർത്തമാനം.

ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയ പാർവതി തിരുവോത്തും , റോഷൻ മാത്യു, സഞ്ജു ശിവറാം, ഡൈൻ ഡേവിസ്, സിദ്ദിഖ് എന്നീ കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും കൈയ്യടി അർഹിക്കുന്നു. ദില്ലി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയിലെ ആഴക്കപ്പന്റെ ഛായാഗ്രഹണ മികവും പ്രശംസനീയമാണ്.