Cinemapranthan
null

തിയറ്ററിൽ ആരവങ്ങളുയർത്തി ‘ദി പ്രീസ്റ്റ്’; നന്ദി അറിയിച്ച് മഞ്ജു വാര്യർ

സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട് – മഞ്ജു

null

നീണ്ട ഇടവേളക്കു ശേഷം തിയറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ഇൻവെസ്റ്റിഗേഷൻ- ത്രില്ലർ- ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി നിറഞ്ഞ സദസിൽ ആണ് പ്രദർശനം തുടരുന്നത്. ഇപ്പോഴിതാ ‘ദി പ്രീസ്റ്റിനെ’ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.

”പ്രീസ്റ്റ് കഴിഞ്ഞ ദിവസം റിലീസായി, എല്ലായിടത്തുനിന്നും സന്തോഷം തരുന്ന നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം, ജോഫിൻ എന്ന പുതുമുഖ സംവിധായകന്‍റെ കഴിവ് പുറത്തെടുത്ത സിനിമ, അതോടൊപ്പം ബി ഉണ്ണികൃഷ്ണൻ, ആന്‍റോ ചേട്ടൻ എന്നിവരുടെ നിര്‍മ്മാണം, പ്രതിഭയുള്ള അഭിനേതാക്കളുടെ സിനിമ. കുടുംബപ്രേക്ഷകരെ തീയറ്ററിലേക്ക് തിരിച്ചെത്തിക്കാൻ പ്രധാന പങ്കുവഹിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞെന്നറിഞ്ഞതില്‍ അതിലൊരു ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്”- മഞ്ജു പറഞ്ഞു.

ഞ്ജു വാര്യർ പങ്ക് വെച്ച വീഡിയോ

മമ്മൂട്ടി – മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക, രമേഷ് പിഷാരടി, ജഗദീഷ് തുടങ്ങി വമ്പൻ താരനിരകൾ തന്നെ അണിനിരക്കുന്നുണ്ട്. നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്. പുരോഹിത കഥാപാത്രമായ ഫാദർ ബെനഡിക്റ്റായാണ് മമ്മൂട്ടി വേഷമിടുന്നത്. ആദ്യ ദിനം തന്നെ 2.05 കോടി രൂപ നേടി ഹൗസ്ഫുൾ ആയാണ് ചിത്രം പ്രദർശനം നടക്കുന്നത്.

ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ ജോഫിൻ തന്നെയാണ്. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യാം മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രാഹുൽ രാജാണ്.

cp-webdesk

null
null