സുരരൈ പോട്ര് എന്ന സൂര്യ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം നടി ഉർവശിയാണ്. തിയേറ്റർ റിലീസുകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഉർവശിയുടെ മൂന്ന് സിനിമകളാണ് ഒ.റ്റി.റ്റി റിലീസായി എത്തിയത്. പുത്തം പുതുകാലൈ, സുരരൈ പോട്ര്, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രദാനമാണ് ഉർവശി കാഴ്ചവെച്ചത്. ഈ അവസരത്തിൽ താരത്തെ പ്രശംസിച്ച് ഒട്ടേറെ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
ഇപ്പോഴിതാ 28 വർഷങ്ങൾക്ക് മുമ്പുള്ള ഉർവശിയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയോടുള്ള തന്റെ കാഴ്ച്ചപ്പാടും നിലപാടുകളും അഭിമുഖത്തിൽ ഉർവശി തുറന്ന് പറയുന്നുണ്ട്.
തനിക്ക് കോമഡി വേഷങ്ങൾ ചെയ്യാൻ കൂടുതൽ താൽപര്യമുള്ളത് കോമഡി ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണെന്നുമാണ് ഉർവശി പറയുന്നത്. നടിമാർക്ക് കോമഡി ചെയ്യാനുള്ള അവസരം കുറവാണെന്നും അന്നത്തെ അഭിമുഖത്തിൽ പറയുന്നുണ്ട്. ഹാസ്യവേഷങ്ങൾ അനായാസം ചെയ്യുന്ന ഒരു മുൻനിര നായിക നടിയെന്ന തരത്തിൽ സിനിമയിൽ താൻ തിളങ്ങിയതിനു പിന്നിൽ നടൻ കമൽ ഹാസന്റെ വലിയ പ്രചോദനുമുണ്ടായിരുന്നെന്ന് ഉർവശി മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കൂടാതെ അക്കാലഘട്ടത്തിൽ ഗ്ലാമർ വേഷങ്ങളോ, ഇഴുകിയഭിനയിക്കേണ്ട റൊമാന്റിക് വേഷങ്ങളോ ചെയ്യില്ലെന്ന തന്റെ നിബന്ധനകൾ തമിഴ് സിനിമയിൽ ഒരു ഘട്ടത്തിൽ പ്രതിസന്ധിയായി മാറിയിരുന്നെന്നും ഉർവശി അഭിമുഖത്തിൽ പറയുന്നു.
1992ൽ ഗൾഫ് പരിപാടിക്കെത്തിയപ്പോൾ മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിക്ക് നൽകിയ അഭിമുഖമാണിത്