കേരളത്തിൽ പതിനയ്യായിരം ഷോകൾ പൂർത്തീകരിച്ച് മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്. കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ് മെഗാസ്റ്റാറിന്റെ പ്രീസ്റ്റ്. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. മൂന്നാം വാരത്തിലേക്ക് എത്തുമ്പോൾ പതിനയ്യായിരം പ്രദർശനങ്ങൾ പിന്നിട്ടിരിക്കുകയാണ് ചിത്രം.
മലയാളത്തിൽ വളരെ ചുരുക്കും ചിത്രങ്ങൾ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കയത്. ഇതിന് മുൻപ് മമ്മൂട്ടിയുടെ പഴശ്ശിരാജ, ഷൈലോക്ക്, അബ്രഹാമിന്റെ സന്തതികൾ , ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധികളായിൽ അടിപതറിയ മലയാള സിനിമക്ക് വലിയ ഉണർവ് തന്നെയാണ് പ്രിസ്റ്റിന്റെ ഈ നേട്ടം. മമ്മൂട്ടിയുടെ തന്നെ ‘വൺ’ ചിത്രവും ഇതോടൊപ്പം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.
മമ്മൂട്ടിക്ക് ഒപ്പം മഞ്ജു വാര്യരും ആദ്യമായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരും യുവാക്കളും ഒരേപോലെ ഏറ്റെടുത്തിരിക്കുകയാണ്. ഏറെ നിഗൂഢതകളും സസ്‌പെൻസും നിറച്ച ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. ഒരു കുടുംബത്തില്‍ നടക്കുന്ന ആത്മഹത്യ പരമ്പരയുടെ കാരണം കണ്ടെത്താന്‍ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എത്തുന്നു. അന്വേഷണത്തിനിടയില്‍ അമേയ ഗബ്രിയേല്‍ എന്ന പതിനൊന്നുകാരിയെ പരിചയപ്പെടുകയും അവള്‍ക്ക് പിന്നിലെ നിഗൂഢതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഫാദര്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ കഥാപശ്ചാത്തലം.
അതേസമയം ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തക്കാൻ ഒരു പ്രമുഖ നിർമ്മാണ കമ്പനി അണിയറപ്രവർത്തകരെ സമീപിച്ചതായും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതേകുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.