Cinemapranthan

ലൂസിഫർ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ച് ചിരഞ്ജീവി?; ‘വേതാളം’ റീമേക്കിൽ അഭിനയിക്കാൻ ഒരുങ്ങി താരം

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫർ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു . ചിരഞ്ജീവി നായകനാവുന്ന സിനിമ മകന്‍ രാംചരണ്‍ തേജ നിര്‍മ്മിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രം തമിഴിലെ പ്രശസ്ത സംവിധായകന്‍ മോഹന്‍രാജ സംവിധാനം ചെയ്യുമെന്നായിരുന്നു അണിയറക്കാര്‍ അറിയിച്ചത്. സഹോ സംവിധായകന്‍ സുജീത്ത്, വിവി വിനായക് എന്നിവര്‍ക്ക് ശേഷമാണ് ലൂസിഫര്‍ റീമേക്കിന്‌റെ സംവിധാനം മോഹന്‍രാജ ഏറ്റെടുത്തത്.

എന്നാൽ ഇപ്പോള്‍ ഈ തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുവാനുളള ഒരുക്കത്തിലാണ് ചിരഞ്ജീവി എന്നാണ് ചില തെലുങ്ക് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. തിരക്കഥയില്‍ സംവിധായകര്‍ വരുത്തിയ മാറ്റങ്ങള്‍ ചിരഞ്ജീവിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയെതെന്നാണ് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. എന്നാൽ ഇതേ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വന്നട്ടില്ല.

അതേസമയം ആചാര്യയ്ക്ക് ശേഷം തല അജിത്തിന്‌റെ വേതാളം റീമേക്കിലാണ് ചിരഞ്ജീവി അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്. ലൂസിഫര്‍ എന്ന മലയാള ചിത്രത്തിനെ തെലുങ്ക് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റുവാനുളള ശ്രമങ്ങളിലായിരുന്നു ഇതുവരെ അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ സംവിധായകര്‍ മൂന്നുപേർ ആയിട്ടും മാറ്റങ്ങള്‍ വരുത്തിയ തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനായിട്ടില്ല.

cp-webdesk