Cinemapranthan
null

സിനിമാ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവുകൾ മമ്മൂട്ടി ചിത്രങ്ങളിലൂടെ; സുരേഷ് കൃഷ്ണ

മമ്മൂക്കയ്ക്ക് മുൻപ് മലയാളത്തിൽ ഒരു മെഗാസ്റ്റാർ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂക്കയ്ക്കുശേഷവും ആ പദവിയിലേക്ക് മറ്റൊരാൾ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവയ്ക്കുക എന്നത് ചെറിയകാര്യമല്ല.

null

മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മുഖമാണ് നടൻ ‘സുരേഷ് കൃഷ്ണ’യുടേത്. സഹനടനായും വില്ലന്‍ വേഷങ്ങളിലും ഒടുവിൽ ഹാസ്യ താരമായുമൊക്കെ തിളങ്ങിയ സുരേഷ് കൃഷ്ണ, തന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവുകളൊക്കെയും മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് എന്ന് വെളിപ്പെടുത്തുകയാണ്. മിനിസ്‌ക്രീന്‍ രംഗത്ത് നിന്നുമാണ് സുരേഷ് കൃഷ്ണ സിനിമയിലേക്ക് എത്തിയത്. സിനിമാ കരിയറിലെ നിർണായക വഴിത്തിരിവുകളെല്ലാം പഴശ്ശിരാജ, കുട്ടിസ്രാങ്ക് എന്നീ മമ്മൂട്ടി സിനിമകളിലൂടെയായിരുന്നു. അതുവരെ വില്ലൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന സുരേഷ് കൃഷ്ണ ഈ രണ്ട് സിനിമകളിലും ആദ്യാവസാനം വരെ മമ്മൂക്കയോടൊപ്പം ക്യാരക്ടർ റോളിൽ നിറഞ്ഞുനിന്നു. പഴശ്ശിരാജയിലെ കൈതേരി അമ്പുവിനു ശേഷം ഒരുപാട് ക്യാരക്ടർ റോളുകൾ സുരേഷിനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. സാധാരണ വില്ലൻ വേഷങ്ങളിൽ നിന്നുള്ള ആ കൂടുമാറ്റം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഹാസ്യവേഷത്തില്‍ എത്തിയ സുരേഷ് കൃഷ്ണയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച സുരേഷ് കൃഷ്ണക്ക് മമ്മൂക്കയുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ഉള്ളത്.

പത്താം ക്ലാസുവരെ മദ്രാസ് കേരള സമാജം സ്കൂളിലാണ് സുരേഷ് കൃഷ്ണ പഠിച്ചത്. ആ വർഷമാണ് വടക്കൻ വീരഗാഥ ഇറങ്ങിയത്. മമ്മൂക്കയെപ്പറ്റിയുള്ള ചർച്ചകൾ മാത്രമായിരുന്നു അന്ന്. ആയിടക്ക് സ്കൂളിൽ ഓണാഘോഷം വന്നപ്പോൾ അതിഥിയായി എത്തിയത് മമ്മൂട്ടിയായിരുന്നു. “മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ബാക്ക് ബെഞ്ചുകാർ ചില പ്ലാനുകൾ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്തെത്തി സംസാരിക്കാൻ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കൈയടിക്കണമെന്നായിരുന്നു പദ്ധതി. കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമോ പേഴ്സണാലിറ്റിയോ ഒന്നുമല്ല അന്ന് എന്നെയും സുഹൃത്തുക്കളെയും ആകർഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു. അത്രയും ഗാംഭീര്യമുള്ള ശബ്ദം അന്ന് മറ്റൊരു നടനിൽനിന്ന് ഞാൻ കേട്ടിട്ടില്ല. ഒരു കോണ്ടസ കാറിൽ വെള്ളമുണ്ടും പൂക്കളുടെ ഡിസൈനുള്ള ഒരു സാധാരണ ഷർട്ടും ധരിച്ച് മമ്മൂക്ക ഇറങ്ങി. മമ്മൂക്കക്കൊപ്പം ഭാരതിരാജയായിരുന്നു മറ്റൊരു അതിഥി. മമ്മൂക്ക പറഞ്ഞ ആദ്യ വാക്കിന് ഞങ്ങൾ എഴുന്നേറ്റ് കൈയടിച്ചു. ആ കൈയടി ഇന്നും ഓരോ തവണ മമ്മൂക്കയെ കാണുമ്പോഴും ഹൃദയത്തിൽ മുഴങ്ങും.” സുരേഷ് കൃഷ്ണ ഓർമ്മകൾ പങ്കു വെച്ചു.

“മമ്മൂട്ടി മുഖ്യമന്ത്രിവേഷത്തിലെത്തുന്ന വൺ എന്ന സിനിമയിലാണ് ഞാൻ അടുത്തയിടെ അഭിനയിച്ചത്. അതിൽ അഴിമതി നടത്തുന്ന നെഗറ്റീവ് ടച്ചുള്ള എം.എൽ.എ. വേഷമാണെനിക്ക്. ഞാൻ സെറ്റിൽവെച്ച് മമ്മൂക്കയോട് പറഞ്ഞു ”ഗാനഗന്ധർവനിൽ ഒന്ന് നന്നായി വന്നതേയുള്ളൂ മമ്മൂക്ക, അപ്പോഴേക്കും വീണ്ടും പിടിച്ച് അഴിമതിക്കാരനാക്കി എന്ന്.” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ‘ഡാ, അത് കുഴപ്പമില്ല. നമ്മളെ അതിനും പറ്റും ഇതിനും പറ്റും എന്ന രീതിയിൽ പോവുകയാണെങ്കിൽ നല്ലതല്ലേ’ എന്ന്.

മദ്രാസിലെ സ്കൂളിൽ മമ്മൂക്കയുടെ പ്രസംഗംകേട്ട് എണീറ്റുനിന്ന് കൈയടിച്ച ആ പത്താംക്ലാസുകാരൻ ഫോൺ വിളിച്ചാൽ മമ്മൂക്ക ഇന്ന് മറുതലയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലോ കാരവാനിലോ ഏത് സമയവും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാം കാലം സമ്മാനിച്ച സൗഭാഗ്യങ്ങളാണ്.

മമ്മൂക്കയ്ക്ക് മുൻപ് മലയാളത്തിൽ ഒരു മെഗാസ്റ്റാർ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂക്കയ്ക്കുശേഷവും ആ പദവിയിലേക്ക് മറ്റൊരാൾ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവയ്ക്കുക എന്നത് ചെറിയകാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാൽ കണ്ണിൽക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയകാലത്തിൽ അസ്തമിക്കും. എന്നാൽ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകൾ കണ്ടാൽ നമ്മൾ അദ്ഭുതപ്പെട്ടുപ്പോകും.

ഒരു അഭിനേതാവ് എങ്ങനെ ആരോഗ്യം, വ്യക്തിജീവിതം, കുടുംബം എല്ലാം കാത്തുസൂക്ഷിക്കണമെന്നതിന് മമ്മൂക്കയൊരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നതുതന്നെ ഞാൻ ചെയ്ത പുണ്യം.” – സുരേഷ് കൃഷ്ണ പറയുന്നു.

cp-webdesk

null
null