Cinemapranthan

“അജിത് വരാത്തത് അല്ല, അച്ഛൻ നഷ്ടമായതാണ് ഞങ്ങളുടെ വിഷയം: എസ് പി ചരൺ

എസ് പി ബിയുടെ സംസ്കാര ചടങ്ങുകളിൽ തമിഴ് നടൻ അജിത് പങ്കെടുത്തില്ല എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

“അജിത് വരാത്തതോ ചടങ്ങിൽ പങ്കെടുക്കാത്തതോ അല്ല വിഷയം, എനിക്ക് അച്ഛൻ നഷ്ടപ്പെട്ടതാണ്‌ വിഷയം”: എസ് പി ചരൺ. അന്തരിച്ച ഗായകൻ എസ്‌‌പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ തമിഴ് നടൻ അജിത് പങ്കെടുത്തില്ല എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ് പി ബി’യുടെ മരണത്തിനു ശേഷം വന്ന ആരോപണങ്ങൾക്ക് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു എസ് പി ചരൺ.

“ഈ ചോദ്യങ്ങൾക്ക് ഞാൻ എന്തിനു മറുപടി പറയണം. അജിത് എന്റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്റെ മരണത്തിൽ അജിതിന് ദു:ഖമുണ്ടെങ്കിൽ അദ്ദേ​ഹം വീട്ടിലിരുന്ന് ദു:ഖിക്കുന്നുണ്ടാകും. അദ്ദേ​ഹം നേരിട്ട് വന്നോ ഇല്ലയോ എന്നത് എങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്. എന്നോട് സംസാരിച്ചോ ഇല്ലയോ എന്നത് എങ്ങനെയാണ് വിഷയമാവുന്നത്. അച്ഛന്റെ സംസ്കാര ചടങ്ങിൽ അജിതിന്റെ അസാന്നിധ്യം ഒരു വിഷയമാക്കേണ്ട ആവശ്യമെന്താണ് നിങ്ങൾക്ക്. അതൊന്നും ഇവിടെ വിഷയമേ അല്ല. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. ലോകത്തിന് എസ്പിബിയെ നഷ്ടമായി. ആ ദു:ഖത്തിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് സമയം ആവശ്യമാണ്. ദയവായി അതിന് അനുവദിക്കണം”. ചരൺ പറഞ്ഞു.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങിൽ അജിത് എത്താതിരുന്നത് വലിയ വാർത്തയായിരുന്നു. ചരണിൻ‌റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന അജിതിനെ സിനിമയിലേക്ക് കൊണ്ടുവന്നത് എസ്.പി ബാലസുബ്രഹ്മണ്യം ആയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു എസ് പി ബിയുടെ അന്ത്യം. ശനിയാഴ്ചയായിരുന്നു സംസ്കാര ചടങ്ങുകൾ.
ഓഗസ്റ്റ് 5 ന് കോവിഡ് ബാധയെ തുടർന്നാണ് എസ് പി ബി’യെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

cp-webdesk