Cinemapranthan

കോവിഡിനൊപ്പം ന്യുമോണിയയും ഷു​ഗറും; ഐ സി യുവിലെ അതിജീവന നാളുകൾ പങ്ക് വെച്ച് സീമ ജി നായർ

സങ്കീർണമായ ആ ദിനങ്ങളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന കഥ പറയുകയാണ് സീമ ജി നായർ

null

കോവിഡ് പിടികൂടിയവരിൽ ഒരാളാണ് ചലച്ചിത്ര താരം സീമ ജി നായരും. കഴിഞ്ഞ സെപ്റ്റംബർ 14 നു കോവിഡ് ബാധയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ സീമ ചികിത്സ തേടിയിരുന്നു. കോവിഡിനൊപ്പം ന്യുമോണിയയും ഷു​ഗറും പിടി കൂടിയ സീമയെ ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്നു. സങ്കീർണമായ ആ ദിനങ്ങളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന കഥ പറയുകയാണ് സീമ ജി നായർ. പ്രാർഥനയും പിന്തുണയുമായി കൂടെ നിന്നവർക്ക് നന്ദി പറഞ്ഞു കൊണ്ട് ഫേസ്ബുക്കിൽ സീമ ജി നായർ പങ്കുവച്ച കുറിപ്പ് വായിക്കാം.

കോവിഡും ഞാനും

ജീവിതം എന്ന മൂന്നക്ഷരം.. എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതിൽ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം. ഇതിനിടയിൽ ആണ് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒരുപോലെ കഷ്ടകാലം വന്നത്. എല്ലാവർക്കും കഷ്ടകാലം വരും. ദൈവങ്ങൾക്ക് പോലും വന്നിട്ടുണ്ട്. പക്ഷെ അതിന് സമയവും കാലവും ഉണ്ടായിരുന്നു.ഇത് സമയവും കാലവും ഒന്നുമില്ലാതെ എല്ലാം തകർത്തെറിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നും മനുഷ്യരാശിയെ കൊന്നൊടുക്കാൻ മനുഷ്യനിർമിതമായ വൈറസ്. എങ്ങും ഭീതിജനകമായ അന്തരീക്ഷം. ലോക രാഷ്ട്രങ്ങൾ ഒന്നൊന്നായി തകർന്നടിഞ്ഞു. ലക്ഷകണക്കിന്‌ മനുഷ്യർ മരിച്ചു വീഴുന്നു. അതിലുപരി രോഗ ബാധിതർ ആവുന്നു. എങ്ങും വിലാപങ്ങൾ. പ്രാർത്ഥനകൾ.. ഓരോരുത്തരും പ്രാർത്ഥിക്കുന്നു നമുക്കിതു വരല്ലേയെന്ന്.അല്ലെങ്കിൽ വന്നവർ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കുന്നു. ഈ വിവരണം തത്കാലം ഇവിടെ നിർത്തിയിട്ടു എന്റെ കാര്യത്തിലേക്കു വരാം.

സെപ്റ്റംബർ 4-ാംതീയതിയാണ് ഞാൻ കാലടിയിൽ ഒരു വർക്കിന്‌ വരുന്നത്. 8-ന് ഒരു ചെറിയ ചുമ.. ഞാൻ കോവിഡിന്റെ കാര്യം അറിഞ്ഞ നാൾമുതൽ മാക്സിമം മുൻകരുതൽ എടുക്കുന്നുണ്ടായിരുന്നു. ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും, വൈറ്റമിൻ സിയും അങ്ങനെ ഓരോന്നും.9 നു രാത്രി തിരികെ ചെന്നൈയിലേക്ക് പോയി. 10-ാം തീയതി ഷൂട്ടിൽ ജോയിൻ ചെയ്തു.11 നു ശരീരത്തിനു നല്ല സുഖം ഇല്ലാത്ത അവസ്ഥ വന്നു. എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന് പ്രൊഡ്യൂസറിനോട് ഞാൻ പറഞ്ഞു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി. പ്രാഥമിക പരിശോധന,കുറച്ച് മെഡിസിൻ,CT സ്കാൻ. അങ്ങനെ ഓരോന്നും.. എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്. പക്ഷെ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല. എനിക്കെത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത. ചെന്നൈയിൽ തങ്ങുന്തോറും ഞാൻ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നൽ.എത്രയും വേഗം നാട്ടിൽ എത്തണമെന്ന് ഞാൻ വാശി പിടിച്ചു.

ആദ്യം ഞാൻ വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിൻ ഷിപ് യാർഡിലെ സി.എസ്.ആർ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു. പിന്നെ കാര്യങ്ങൾക്ക് വേഗം കണ്ടു. എറണാകുളത്തെ കോവിഡിന്റെ ചാർജ്ജു വഹിക്കുന്ന ഡോ. അതുലിനെ വിളിച്ച് സംസാരിക്കുന്നു. അങ്ങനെ ഞാൻ ചെന്നൈയിൽ നിന്ന് റോഡു മാർഗം കൊച്ചിയിലേക്ക് തിരിച്ചു. ഡോ. അതുലും, പാലിയേറ്റീവിലെ സ്റ്റാഫ് നഴ്സ് വിപിനും എനിക്കു വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അങ്ങനെ 14-ാം തീയതി രാത്രി 12.45നു കളമശ്ശേരി മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റായി.

ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകൾ എന്റെ കണ്മുന്നിൽ വന്നു. ചെന്നൈ അപ്പോളോ മുതൽ അങ്ങനെ പലതും.. പക്ഷെ ഒന്നിലും എന്റെ കണ്ണുകൾ ഉടക്കിയില്ല. കണ്മുന്നിൽ എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് മാത്രം. പ്രതീക്ഷ തെറ്റിയില്ല. വേഗത്തിൽ ചികിത്സ തുടങ്ങി.
കോവിഡിനെ ഞാൻ ഭയപ്പെട്ടിരുന്നില്ല. പക്ഷെ ന്യൂമോണിയയും ഷുഗറും ഒപ്പം വന്നു. അതാണ് എന്റെ ചികിത്സ സങ്കീർണ്ണമാക്കിയത്.

ഞാൻ ഐ.സി.യുവിലാണെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങി. എന്നെ കാത്ത് എന്തു ചെയ്യണമെന്നറിയാതെ മെഡിക്കൽ കോളേജിലെ കാർ പാർക്കിങ്ങിൽ കഴിഞ്ഞു കൂടിയ എന്റെ മോൻ അപ്പു (ആരോമൽ).. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.. ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക് എവിടെയോ കാലിടറുന്നതു പോലെ തോന്നി.

എന്നാൽ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളേജിലെ ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, ഹൈബി ഈഡൻ.എം.പി എന്നിവരെ മറക്കാൻ കഴിയില്ല. എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച് പ്രാർത്ഥിച്ചവർ, എൻറ മോൻ അപ്പൂനെ വിളിച്ച് എന്തിനും കൂടെയുണ്ട് മോൻ ടെൻഷൻ ആകണ്ട എന്നു പറഞ്ഞവർ. ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്പോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷൻ, ഇടവേള ബാബു, നന്ദു, ദിനേശ് പണിക്കർ, ബിബിൻ ജോർജ്, മായ വിശ്വനാഥ്‌, ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിന്റെ ഉടമ ബാലു.. അങ്ങനെ ഒരു പാടു പേർ… ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവർ.. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ.. എല്ലാവരുടെയും പേരെടുത്തു പറയാൻ പറ്റില്ലല്ലോ.. അവരുടെയൊക്കെ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു. എനിക്കു വന്ന മിക്ക വോയ്സ് മെസേജുകളും കരച്ചിൽ ആയിരുന്നു. എല്ലാരെയും പോലെയല്ല നിന്റെ കാര്യം, നീ ചെയ്ത നന്മകൾ ഇപ്പോൾ നിനക്ക് ഈശ്വര കടാക്ഷമായി വരും, ദൈവം കൈവിടില്ല.. എന്നായിരുന്നു. എന്നെ ഓരോരുത്തരും എത്രത്തോളം സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷങ്ങൾ. ഒരപ്പൂപ്പൻ താടി പോലെ പറന്നു നടന്നപ്പോൾ ശരീരത്തിനു ഭാരം തോന്നിയിരുന്നില്ല. പക്ഷെ ഒന്ന് കിടന്നപ്പോ ഭാരം എന്താണെന്ന് ഞാൻ അറിഞ്ഞു. മനസ്സിനും ശരീരത്തിനും ..

കഴിഞ്ഞ കുറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകർത്തെറിഞ്ഞ കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. അതിൽ നിന്നും പുറത്തു കടക്കാൻ എനിക്കു പറ്റിയിരുന്നില്ല. തോൽപ്പാവക്കൂത്തു പോലെ ഞാൻ ആടിക്കൊണ്ടേ ഇരുന്നു. നെഞ്ചിൽ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങൾ ഉണ്ടായി. ഇപ്പോൾ ഞാൻ എല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലെ 13-ാം നമ്പർ മുറിയിൽ ഇറക്കി വെയ്ക്കുകയാണ്. 13 പലർക്കും നിർഭാഗ്യ നമ്പർ ആണെന്ന് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല.
അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക് .. ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്.. നന്ദി.. നന്ദി..
സീമാ .ജി. നായർ

cp-webdesk

null