Cinemapranthan
null

റെക്കോര്‍ഡുകൾ തകർത്ത് ‘ആര്‍ആര്‍ആര്‍’;1000 കോടിയുടെ പ്രീ-റിലീസ് ബിസിനസ് ?

null

ബാഹുബലി രണ്ടാം ഭാ​ഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് ‘ആര്‍ആര്‍ആര്‍’. രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പ്രീ-റിലീസ് ബിസിനസില്‍ ചിത്രം സ്വന്തമാക്കിയ തുകയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

നേരത്തെ തന്നെ 475 കോടി രൂപക്ക് ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ സ്വന്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പെന്‍ ഗ്രൂപ്പില്‍ നിന്നും എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ സീ ഗ്രൂപ്പ് വൻ തുകക്ക് വാങ്ങിയതായി ആണ് റിപോർട്ടുകൾ 325 കോടിയാണ് ഇതിനായി സീ ഗ്രൂപ്പ് മുടക്കിയിരിക്കുന്നതെന്ന് ‘പിങ്ക് വില്ല’ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതേ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റതിലൂടെ മാത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് അതിന്‍റെ വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അങ്ങനെ വരുമ്പോൾ റിലീസിന് മുൻപ് തന്നെ ചിത്രം 1000 കോടിയുടെ ബിസിനസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ഡി വി വി ധനയ്യ ആണ് ആർആർആർ നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം

cp-webdesk

null
null