പൊന്മുട്ടയിടുന്ന താറാവും മേലേപ്പറമ്പിലെ ആണ്‍വീടുമെല്ലാം മലയാളികൾക്ക് സമ്മാനിച്ച തിരക്കഥകൃത്താണ് രഘുനാഥ് പലേരി. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പുതൊയൊരു ചിത്രവുമായി എത്തുകയാണ് അദ്ദേഹം. തൊട്ടപ്പൻ എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം തിരക്കഥ ഒരുക്കുന്നത്.
നേരത്തെ ഷാനവാസ് ബാവക്കുട്ടിയുടെ തൊട്ടപ്പനിലൂടെ ഒരു ശ്രദ്ധേയമായ കഥാപാത്രവും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ തിരിച്ചുവരവിനെ കുറിച്ച് അറിയിച്ചത്. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുട്ടയിടുന്ന താറാവ്, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി എന്നിങ്ങനെ തൊണ്ണൂറുകളിൽ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ തിരക്കഥകൃത്തിന്റെ രണ്ടാം വരവിനെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാുംഗുലിയുടെയും മാത്തച്ചൻറെയും ദേവൂട്ടിയുടെയും, ഓട്ടോറിക്ഷാ അഛൻറെയും, അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അഛൻറെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ. – രഘുനാഥ് പലേരി ഫേസ്ബുക്കിൽ കുറിച്ചു
യുവ താരങ്ങൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാന്റിക് ചിത്രമാണ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി സിനിമ പ്രാന്തനോട് പറഞ്ഞു. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.