Cinemapranthan
null

അകലത്തിലും അടുത്തു നിൽക്കുന്ന ആത്മബന്ധങ്ങൾ; ‘പുത്തം പുതുകാലൈ’ ട്രെയിലർ കാണാം

തമിഴിലെ പ്രമുഖ സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങളുമായി ‘പുത്തം പുതു കാലൈ’ എന്ന പേരിലാണ് ആന്തോളജി സിനിമയൊരുങ്ങുന്നത്

null

തമിഴ് സിനിമയിലെ പ്രമുഖരായ അഞ്ച് സംവിധായകർ ചേർന്ന് ഒരുക്കുന്ന ആന്തോളജി ഫിലിം ‘പുത്തം പുതു കാലൈ’യുടെ ട്രെയിലർ പുറത്തിറങ്ങി.
സംവിധായകൻ മണിരത്നവും എ ആർ റഹ്മാനും ചേർന്നാണ് ട്രെയിലർ പങ്കുവെച്ചത്. ഒക്ടോബർ 16ന് ആമസോൺ പ്രൈമിൽ ചിത്രം റിലീസിനെത്തും.

സംവിധായകരായ ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് അഞ്ച് ഹ്രസ്വചിത്രങ്ങളുമായി ‘പുത്തം പുതു കാലൈ’ എന്ന പേരിൽ ആന്തോളജി സിനിമയൊരുക്കുന്നത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ സ്നേഹവും പ്രതീക്ഷകളും അകലത്തിലും അടുത്തു നിൽക്കുന്ന ആത്മബന്ധങ്ങളെ കുറിച്ചുമായിരിക്കും ‘പുത്തംപുതു കാലൈ’ പറയുന്നത്.

“സ്നേഹം, പ്രത്യാശ, പുതിയ തുടക്കങ്ങൾ എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ‘പുത്തം പുതു കാലൈ’ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്തും കലയെ എങ്ങനെ ആവിഷ്കരിക്കാം എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തമിഴ് സിനിമാ മേഖലയിലെ ഏറ്റവും ധിഷണാശാലികളായ പ്രതിഭകളിലൂടെ ഈ സവിശേഷമായ ചിത്രം നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്, ”ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യ ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.

സൂര്യ ചിത്രം ‘സുരാരൈ പോട്ര്’ന്റെ സംവിധായകൻ സുധ കെ പ്രസാദ് ആണ് ആന്തോളജി സിനിമകളിൽ ‘ഇളമൈ ഇദോ ഇദോ’ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

റിതു വർമ, എംഎസ് ഭാസ്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അവളും നാനും’ എന്ന ചിത്രമാണ് ഗൗതം മേനോൻ സംവിധാനം ചെയ്യുന്നത്.

ആൻഡ്രിയ ജെറിമിയ, ലീല സാംസൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘റീയൂണിയൻ’ എന്ന ഹ്രസ്വചിത്രമാണ് രാജീവ് മേനോൻ സംവിധാനം ചെയ്യുന്നത്.

‘കോഫി, എനിവൺ’ എന്ന ഹ്രസ്വചിത്രമാണ് സുഹാസിനി മണിരത്നം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സുഹാസിനി ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

‘മിറാക്കിൾ’ ആണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം. ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് അഭിനേതാക്കൾ.

cp-webdesk

null
null