Cinemapranthan

ഇപ്പോൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ വരും നാളുകളിൽ നമ്മൾ ലജ്ജിക്കും: ഉമർ ഖാലിദിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകാശ് രാജ്

സമാധാനപരമായി “പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത് ജനാധിപത്യത്തിൽ എന്ന് മുതലവാണ് കുറ്റമായത്?’

ഡല്‍ഹി കലാപ കേസുമായി ബന്ധപ്പെട്ട് ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടൻ പ്രകാശ് രാജ്. ഈ മനുഷ്യ വേട്ടയ്‌ക്കെതിരെ ഇപ്പോൾ നമ്മൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇതോർത്ത് നമ്മൾ ലജ്ജിക്കുമെന്ന് താരം പറയുന്നു.

വളരെ നാണംകെട്ട സംഭവമാണ് നടന്നിരിക്കുന്നത്, സമാധാനപരമായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത് ജനാധിപത്യത്തിൽ എന്ന് മുതലവാണ് കുറ്റമായത്?’ #standwithumarkhalid’ എന്ന പോസ്റ്ററും പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവച്ചു.

11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കലാപത്തിന്റെ ആസൂത്രകന്‍ എന്നാരോപിച്ച് ഉമര്‍ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളാണ് ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് കാരണമായത്. കലാപത്തില്‍ 53ഓളം ആളുകള്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്‌ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജൂലൈ 31ന് ഉമര്‍ ഖാലിദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും ഉമര്‍ ഖാലിദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫിസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

cp-webdesk