Cinemapranthan
null

തമിഴ് ആന്തോളജി ‘നവരസ’; അപർണ്ണ ബാലമുരളിക്ക് ശേഷം സൂര്യയുടെ നായികയായി പ്രയാഗ മാർട്ടിൻ

തമിഴിലെ പ്രഗല്‍ഭരായ ഒമ്പത് സംവിധായകർ ചേർന്നൊരുക്കുന്ന ചിത്രമാണ് ‘നവരസ’

null

അപർണ്ണ ബാലമുരളിക്ക് ശേഷം മലയാളത്തിൽ നിന്നും മറ്റൊരു നടി കൂടി സൂര്യയുടെ നായികയാവുന്നു. ഒരിടവേളക്ക് ശേഷം പ്രയാഗ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായികയായി വീണ്ടുമെത്തുന്നത്. തമിഴ് ആന്തോളജി ചിത്രമായ നവസരയിലാണ് പ്രയാഗ സൂര്യയുടെ നായികയാവുന്നത്. തമിഴിലെ പ്രഗല്‍ഭരായ ഒമ്പത് സംവിധായകർ ചേർന്നൊരുക്കുന്ന ‘നവരസ’യിൽ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യയും പ്രയാഗയും ഒന്നിക്കുന്നത്. മിഷ്കിന്‍ സംവിധാനം ചെയ്ത പിസാസ് ആയിരുന്നു പ്രയാഗയുടെ ആദ്യ തമിഴ് ചിത്രം.

സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് നവരസ നിർമിക്കുന്നത്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർഥ്, വിജയ്‌ സേതുപതി, പ്രകാശ് രാജ് എന്നിവർക്കൊപ്പം മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, രേവതി, നിത്യ മേനോൻ എന്നിവരും അഭിനയിക്കുന്നു. രതീന്ദ്രന്‍ ആര്‍ പ്രസാദിന്റെ ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്.

സംവിധായകരായ ബിജോയ്‌ നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്‌, പൊന്‍റാം, രതീന്ദ്രന്‍ പ്രസാദ്‌, ഹലിത ഷമീം എന്നിവര്‍ ചേര്‍ന്നാണ് ‘നവരസ’ ആന്തോളജി ചിത്രം തയ്യാറാക്കുന്നത്. കൂടാതെ ഇവർക്കൊപ്പം നടന്‍ അരവിന്ദ് സ്വാമിയും സംവിധായകനാവുന്നു എന്നതാണ് ഈ ആന്തോളജി സിനിമയുടെ മറ്റൊരു പ്രത്യേകത.

ലോക്ക്ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തിന് താങ്ങാകാൻ മണിരത്നത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് ‘നവരസ’. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികള്‍ക്ക് നല്‍കും. പൂർണ്ണമായും സൗജന്യമായാണ് ‘നവരസയി’ലെ എല്ലാ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രവർത്തിക്കുന്നത്. ‘നവരസ’ നെറ്റ്ഫ്ലിക്സില്‍ ആണ് റിലീസ് ചെയ്യുന്നത്.

ശരവണണ്‍, അളഗം പെരുമാള്‍, ഐശ്വര്യാ രാജേഷ്‌, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക്‌ സെല്‍വന്‍, റോബോ ശങ്കര്‍, രമേശ്‌ തിലക്, സനന്ത്‌, വിധു, ശ്രീരാം എന്നിവരാണ് ‘നവരസ’യിലെ മറ്റു പ്രമുഖ താരങ്ങൾ.

cp-webdesk

null
null