‘ദൃശ്യം 2’ നു ശേഷം പുതിയ മോഹൻലാൽ ചിത്രം ‘ആറാട്ട്’. ബി.ഉണ്ണിക്കൃഷ്ണൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. രചന ഉദയകൃഷ്ണ. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും ‘ആറാട്ടി’ൽ പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും പറയുന്നു.
ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിൻകരയിൽ നിന്നു ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ‘ആറാട്ടി’ൽ പറയുന്നത്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമ്മിപ്പിക്കുന്ന 2255 എന്ന നമ്പറോട് കൂടിയ കറുത്ത ബെൻസ് കാറാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.
ശ്രദ്ധ ശ്രീനാഥാണു മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. 23നു പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ഹൈദരാബാദിലും ചിത്രീകരിക്കുന്നുണ്ട്.