Cinemapranthan

രണ്ട് തവണയും ഹാജരായില്ല; കങ്കണയ്ക്കും സഹോദരിക്കും വീണ്ടും നോട്ടീസ്

സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് രണ്ടുപേര്‍ക്കും എതിരായ കുറ്റം

സമൂഹമാധ്യമങ്ങളിൽ സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേസിൽ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും നോട്ടീസ്. മൂന്നാം തവണയാണ് ഈ വിഷയത്തിൽ ഇരുവർക്കും മുംബൈ പൊലീസ് നോട്ടീസ് അയക്കുന്നത്. ഈ മാസം 23, 24 തീയതികളില്‍ ബാന്ദ്ര പൊലീസിനു മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് രണ്ടുപേര്‍ക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നെസ് ട്രെയിനറുമായ മുനവറലി സാഹില്‍ സയ്യിദ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരോടും ഹാജരാകാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 153എ, 295എ, 124എ, 34 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ മാസം 26, 27 തീയതികളിലും അതിനുശേഷം നവംബര്‍ 9, 10 തീയതികളിലും ഹാജരാകാൻ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇരുവരും രണ്ട് പ്രാവശ്യവും ഹാജരായിരുന്നില്ല. സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും നവംബര്‍ 15ന് ശേഷം വരാമെന്നുമായിരുന്നു ഇവർ പൊലീസിനെ അറിയിച്ചത്.

cp-webdesk

null