മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്നെ ആരോ ഒ.എൽ.എക്സിൽ ഇട്ടു എന്നാണ് താരം പറയുന്നത്. ഇതിന് ഭാര്യയുടെ മറുപടി എന്തായിരുന്നുവെന്നും ജിഷിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
ഒ.എല്‍.എക്സില്‍ വിൽക്കാൻവച്ചിരിക്കുന്ന സാംസങ് എൽ.സി.ഡി ടിവിയിലാണ് ജിഷിനെ കാണുന്നത്. ഈ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. ഒട്ടേറെ ട്രോളുകളും കമന്റുകളും ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ സജീവമാണ്.
‘ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. അച്ഛാ.. അച്ഛനെ ഞാന്‍ ഓ.എല്‍.എക്സില്‍ ഇട്ടു വില്‍ക്കട്ടെ എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ ഒ.എല്‍.എക്സില്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ… അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്. ഞാനാണെല് ഫ്രീ ആയിട്ട് കൊടുത്തേനെ എന്ന്. പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കുമല്ലേ.’ ജിഷിൻ പറയുന്നു