“കുളപ്പടിക്കരയിലെ മണിച്ചേട്ടന്റെ പെട്ടിക്കടയ്ക്ക് പുറകിൽ എന്നും
ഒഴിഞ്ഞ തീപ്പെട്ടി കൂടുകളുടെ നീണ്ട നിരയുണ്ടായിരുന്നു.
പാരറ്റും,ഷിപ്പും ആയിരുന്നു എന്റെ
ഭാഗ്യ തീപ്പെട്ടി പടങ്ങൾ…
ഓരോന്നും കൃത്യമായി കീറി ശേഖരിച്ച് റബ്ബർ ബാൻഡ് ഇട്ടു കെട്ടി ചെറിയൊരു കെട്ടാക്കി എടുത്ത്,അവധിയ്ക്കും വൈകുന്നേരങ്ങളിലും തീപ്പെട്ടി പടം കളിക്കാനൊരു പോക്കുണ്ട്
കൈയ്യൊഴിയുന്നത് വരെ അല്ലെങ്കിൽ കയ്യിലെ കെട്ടിന്റെ മുഴുപ്പു കൂടുന്നത് വരെ പടം കളിക്കും..
പിന്നീട് അതു ക്രിക്കറ്റ് കാർഡിലേക്ക് വഴി മാറി.ഒരു പാക്കറ്റ് കാർഡ് മുഴുവൻ വാങ്ങിക്കാൻ പോന്ന സാമ്പത്തിക സ്ഥിതി അന്നൊക്കെ ഒരു സ്വപ്നമായിരുന്നത് കൊണ്ടു തന്നെ ബൂമർ തന്നെയായിരുന്നു
ഏക ആശ്രയം..
അങ്ങനെ ചവച്ചു കൂട്ടി ശേഖരിച്ച കാർഡുകളും,കളിച്ചു കിട്ടുന്നതും കൂട്ടി
അവധിക്കാലം മറ്റൊരു ദിശയിൽ സഞ്ചരിച്ചിരുന്ന കാലം..
ഇതിനിടയിൽ പാടത്തെ ക്രിക്കറ്റു കളിയും ഇടയ്ക്കുള്ള ഗോലിയും,മീൻ പിടുത്തവുമൊക്കെ വിനോദങ്ങൾ ആയുണ്ടെങ്കിലും അന്നത്തെ പുതുമയെന്നു പറയാവുന്നത് കാർഡ് ആയിരുന്നു.കളിച്ചും ചവച്ചും അതിങ്ങനെ കെട്ടുകളാക്കി കൂട്ടി കെട്ടുമ്പോൾ കിട്ടുന്നൊരു ആവേശം അത്ര വലുതായിരുന്നു..
സച്ചിനും ഗാംഗുലിയും അസ്റുദീനും കൈഫും സ്റ്റീവോയും വോണും ഗില്ലിയും ലാറയും ഇങ്ങനെ കുട്ടിക്കാലത്തെ ക്രിക്കറ്റ് നായകന്മാർ ഒക്കെയും കൂടുതൽ പരിചിതരായി
തുടങ്ങിയത് കാർഡ്സിലൂടെ തന്നെ.
അങ്ങനെ പോകുമ്പോഴാണ് ക്രിക്കറ്റ് കാർഡ്സിനൊപ്പം ഒരു വെല്ലുവിളി പോലെ എന്നാൽ പുതിയൊരു പുതുമ പോലെ നാട്ടിൽ മറ്റൊന്നിന്റെ വരവുണ്ടാകുന്നത്…
മണിച്ചേട്ടന്റെ കടയിലെ മസിലന്മാരുടെ ഇടിപ്പടങ്ങൾ ട്രെൻഡ് പിടിച്ചു തുടങ്ങുന്ന 2000ലെ പുത്തൻ ട്വിസ്റ്റ് അടിക്കൽ
നമുക്കൊക്കെ സങ്കൽപ്പിക്കാവുന്നതിന്റെ
എക്സ്ട്രീം എന്നു പറയാവുന്ന ആകാരം അന്നൊക്കെ അർനോൾടും സ്റ്റാലോണും ആയിരുന്നു.ടെർമിനേറ്റരും പ്രിഡേറ്ററും റാമ്പോയുമൊക്കെ കണ്ടു അവരിങ്ങനെ മനസ്സ് കീഴടക്കിയ കാലം…
അവരുടെ സങ്കൽപ്പങ്ങളെ തകർത്തു കൊണ്ടാണ് മണിച്ചേട്ടന്റെ കടയിൽ ഇടിപ്പട കാർഡുകളുടെ വരവുണ്ടാകുന്നത്.അതും രൂപത്തിലും പൊക്കത്തിലും കണ്ടറിഞ്ഞതിനും മുകളിൽ ഭീകര ആരാധന ജനിപ്പിക്കുന്ന മസിൽമാന്മാരുടെ കളർ പടങ്ങൾ…
ആദ്യം തന്നെ കുറച്ചു കൈവശപ്പെടുത്തിയെങ്കിലും അത്ര ആവേശം തോന്നിയില്ല.സംഗതി ഇതെന്താണെന്നു മനസ്സിലായിട്ടില്ലെന്നതായിരുന്നു
അതിനു പിന്നിലെ സത്യസന്ധമായ
യാഥാർഥ്യം.
അങ്ങനിരിക്കെ പഞ്ചായത്തു ലൈബ്രറിയിലെ യുവജന വിഭാഗത്തിന്റെ പ്രതിനിധി ഉണ്ണിചേട്ടൻ പുതിയൊരു വിപ്ലവം കുറിച്ചു…
തിങ്കളാഴ്ച്ചയും വെള്ളിയാഴ്ച്ചയും ലൈബ്രറിയിൽ ഒറിജിനൽ ഇടിപ്പട പ്രദർശനം നടത്താൻ പോകുന്നു.
കേട്ടപ്പോൾ മുതൽ ആവേശമായി..
കാർഡ്സിലെ മസിലന്മാരുടെ കളിയാണ് നടക്കുന്നത് എന്നുള്ള ആകാംഷ ആവേശം ഒന്നൂടെ കൂട്ടി..
അങ്ങനെയൊരു വെള്ളിയാഴ്ച്ചയ്ക്കു വേണ്ടി കാത്തിരുന്നു..
അന്നൊക്കെ നാട്ടിൽ കേബിൾ അത്രയ്ക്ക് ആയിട്ടില്ല.വലിയ ഡിഷ് ആന്റിന കുടയാണ് ആശ്രയം.ലൈബ്രറിയിൽ നാലു വർഷം കൂടുമ്പോളാണെങ്കിലും വേൾഡ് കപ്പ് ഫുട്ബോൾ ഉള്ളതുകൊണ്ട് ഡിഷിന്റെ വമ്പൻ കുടയൊരെണ്ണം സ്ഥിരമാണ്.
അങ്ങനെ ഇടിപ്പടം കാണാനുള്ള ആവേശം മോഹിപ്പിച്ചു മോഹിപ്പിച്ചു കാത്തിരുന്ന വെള്ളിയാഴ്ച്ചയിൽ കൊണ്ടെത്തിച്ചു.
സത്യത്തിൽ ഞെട്ടിപ്പോയി
അന്നു ടീ.വീ സ്‌ക്രീനിന്റെ ഇടത്തെ അറ്റത്തു വായിച്ച ടെൻ സ്പോർട്സ് എന്ന പേര് ഇന്നു കാണുമ്പോഴും
മനസ്സിൽ പഴയ ഇടിപ്പടത്തിന്റെ ആദ്യ കാഴ്ച്ചയുടെ ആവേശം വന്നു
നിറഞ്ഞു തുടങ്ങും.
പിന്നീട് അങ്ങോട്ട് കുറേയേറെ വർഷങ്ങൾ ഓർമ്മകളിൽ ഇടിക്കാഴ്ച്ചയുടെ ആവേശം
നിറഞ്ഞു തുടങ്ങുകയായിരുന്നു
മുഖം മൂടിക്കാരനും,മൊട്ടത്തലയൻ മസിലന്മാരും തുടങ്ങി ഓരോരുത്തരും ആവേശമായി മാറിയ കാലം
ഷോൺ മൈക്കിൾസ്,ജെഫ്, ഗോൾഡ് ബെർഗ്,സിന,റോക്ക്, ബാറ്റിസ്റ്റ ഇങ്ങനെ ആരാധിച്ച നക്ഷത്രങ്ങളുടെ നിര വളരെ വലുതായിരുന്നു.പക്ഷെ എല്ലാവർക്കും മുകളിൽ WWE എന്ന ഇടിപ്പടം ഒരു വികാരമായി മാറുന്നത് ഒരുപക്ഷെ അയാളുടെ വരവോടെയായിരുന്നു..
മരണമണി മുഴക്കി ചുറ്റിലും ഇരുള് പടർത്തി പുകയും ഇടിമിന്നലും നിരത്തി മരണത്തിന്റെ പ്രതീതി സൃഷ്ടിച്ചു വന്നിരുന്ന കറുത്ത നീളൻ ജാക്കറ്റും തൊപ്പിയും അണിഞ്ഞ മരണ മനുഷ്യൻ..
The Undertaker
അയാൾ ഒരിക്കലും മരിക്കില്ലെന്നു വിശ്വസിച്ചിരുന്ന,അയാൾക്ക് ആരെയും നശിപ്പിക്കാൻ സാധിക്കും എന്നു വിശ്വസിച്ചിരുന്ന കാലം…
പിന്നീട് WWE കഥകളുടെ പൊളിച്ചെഴുത്തുകൾ നടന്നപ്പോഴും എല്ലാമൊരു അഡ്ജസ്റ്മെന്റ് എന്നു അറിഞ്ഞപ്പോഴും അയാളെ കാണാൻ മാത്രം ടീ.വീ യ്ക്ക് മുന്നിലിരുന്നിട്ടുണ്ട്.
കാരണം എത്ര മുന്നോട്ടു പോയാലും അയാളും ആ ഇടിലോകവും സൃഷ്‌ടിച്ച മായികത അത്രയ്ക്കു വലുതായിരുന്നു.
ഇന്നും ഇടയ്ക്ക് യൂട്യൂബിൽ പഴയ എപ്പിസോഡുകൾ കാണുമ്പോൾ ആ പഴയ പഞ്ചായത്തു ലൈബ്രറിയിൽ ചെന്നിരിക്കുന്ന പോലെയാണ്.നിലത്തെ തണുപ്പ് പറ്റി കാൽമുട്ടുകളിൽ കൈ ചുറ്റിപ്പിടിച്ചിരുന്നു ആവേശത്തോടെ കണ്ടിരുന്ന ആ കാലത്തിന്റെ ഓർമ്മ..
ഓരോ ആഴ്ച്ചയിലും കാത്തിരുന്നു റോയും,സ്മാക് ഡൗണും കണ്ടു മതിയാകാതെ മണിച്ചേട്ടന്റെ കടയിൽ നിന്നു കാർഡുകളായ കാർഡൊക്കെ വാങ്ങിക്കൂട്ടി ആവേശത്തോടെ പരസ്പരം മത്സരിച്ചിരുന്ന കാലം…
ഇന്നിപ്പോൾ Mark William calaway എന്ന undertaker റിങ് ഒഴിഞ്ഞു എന്നു കേൾക്കുമ്പോൾ സഞ്ചാരിക്കുന്നത് അത്രയും പോയ കാലത്തേയ്ക്കു തന്നെയാണ്.
Will Miss u Legend
അങ്ങു അമേരിക്കയിൽ
ഇരുന്ന് നിങ്ങൾ എങ്ങനെ ഞങ്ങളോടു സംവദിച്ചു എന്നു ചോദിച്ചാൽ ഒരുത്തരം പറയാം..
ബാല്യം ഓർമ്മപ്പെടുത്തുന്നതിൽ ഇന്നും നിങ്ങളുടെ പഴയ മണിയൊച്ചയ്ക്ക് വലിയ പങ്കുണ്ട് സുഹൃത്തേ..
ഓർമ്മകൾ..