വസ്ത്രധാരണത്തിന്റെ പേരിൽ വലിയ സൈബർ ആക്രമണമാണ് നടി അനശ്വര രാജന് നേരെയുണ്ടായത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കപട സദാചാരവാദികളുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ശക്തമായ നിലപാടുമായി അനശ്വര രംഗത്ത് വന്നത് വാർത്തയായിരുന്നു. തന്റെ രണ്ട് ചിത്രങ്ങൾ കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടി ഇത്തരക്കാർക്കതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.
ഇതേ തുടർന്ന് റിമ കല്ലിംഗൽ, കനി കുസൃതി, അഹാന കൃഷ്ണ, അനാർക്കലി മരക്കാർ, അമേയ, നയൻതാര ചക്രവർത്തി, പാർവതി തുടങ്ങിയ മലയാളത്തിലെ യുവനടിമാരും തങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കുന്ന ഫോട്ടോകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നടന്മാരാരും ഇത്തരത്തിൽ പ്രതികരിക്കാത്തതിന്റെ കുറവ് നികത്തിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
തന്റെ ‘പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു’കൊണ്ട് ഒരു മഞ്ഞ നിറത്തിലുള്ള ഷോർട്സ് ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ എന്നും ഹരീഷ് ചിത്രത്തിനൊപ്പമുള്ള തന്റെ കുറിപ്പിൽ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ’
‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’ എന്ന കുറിപ്പോടെ കാൽമുട്ടിന് മുകളിൽ വരെ ഇറക്കമുള്ള വസ്ത്രം ധരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് റിമ പിന്തുണ പ്രഖ്യാപിച്ചത്.
റിമയ്‌ക്കൊപ്പം അനാർക്കലി മരയ്ക്കാർ, അഹാന കൃഷ്ണകുമാർ എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്
കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചു കൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്”.
പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് അനശ്വര നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണത്തിന് ഇരയായത്.
‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’, ’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ തുടങ്ങി നിരവധി അശ്‌ളീല കമന്റുകള്‍ ആണ് അനശ്വരക്ക് നേരെ വന്നത്.
ഇതിനെതിരെ മറുപടിയുമായി അനശ്വര രാജൻ രംഗത്തെത്തിയിരുന്നു.
“ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.” എന്ന് പറഞ്ഞു കൊണ്ട് വിമർശനങ്ങൾക്കിടയാക്കിയ അതേ വേഷം അണിഞ്ഞ ചിത്രം പങ്കു വെച്ചാണ് അനശ്വര മറുപടി നൽകിയത്. അതേ സമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.