Cinemapranthan

പുരുഷ കേന്ദ്രീകൃത ചിന്തകളുടെ ഫാക്റ്ററികൾ ആവരുത്; വിശുദ്ധ സ്ലീവാചൻമാർ ആവരുത്

ലൈംഗികതയെ പറ്റി തുറന്നു പറയാൻ പറ്റാത്ത കാലത്തോളം നമ്മൾക്ക് അത്‌ ‘അയ്യേ’ എന്ന് പരസ്യമായി പറയാനും രഹസ്യമായി ആസ്വദിക്കാനുമുള്ള വിഷയവുമാണ്

സ്കൂട്ടറിൽ ലിഫ്റ്റ് കൊടുത്ത സ്കൂൾ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

‘ഒരു 14 വയസുകാരന്റെ ലൈംഗിക ഉത്കണ്ഠകളും ആകാംഷകളും എത്രത്തോളമുണ്ടാവുമെന്ന് ആ കാലം കഴിഞ്ഞുവന്ന നമ്മൾക്ക് അറിയാവുന്ന കാര്യം തന്നെയാണ്… അതിപ്പോൾ വർഷങ്ങൾക്ക് മുമ്പ് നമ്മൾ നേരിട്ട അതേ തീവ്രത തന്നെയാണോ എന്ന് ചോദിച്ചാൽ അതിനേക്കാൾ കൂടുതലാവും എന്നേ പറയാൻ പറ്റു.’
ഈ വിഷയവുമായി ബന്ധപ്പെട്ട് ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്‍റെ മാലാഖ’ എന്ന സിനിമയിലെ സ്ലീവാച്ചൻ എന്ന കഥാപാത്രം എത്രത്തോളം പ്രസക്തമാണെന്ന ചർച്ച മുന്നോട്ട് വെക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണു ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പ്രവീൺ പ്രഭാകർ എഴുതിയ കുറിപ്പ് വായിക്കാം;

“ചെക്കൻ സ്ട്രൈറ്റ് ഫോർവെർഡ് ആയത് കൊണ്ടാണ് ഓപ്പൺ ആയിട്ട് ചോദിച്ചത്… അതിലെന്താണ് തെറ്റ്…”

“വെസ്റ്റേൺ കൾച്ചർ ഉള്ളവർ ഇങ്ങനെ ചോദിച്ചാൽ തെറ്റില്ല… ഇന്ത്യക്കാർ ചോദിച്ചാൽ തെറ്റും..”

“കൊച്ചിക്കാരികളുടെ ഡ്രസ്സ്‌ കണ്ടാൽ ഇങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല…”

“ഒരു YES/NO ആൻസറിൽ തീരാവുന്ന പ്രശ്നമേ ഉള്ളു… അതിനാണ് ഈ ഷോ എല്ലാം…”

“വീഡിയോയിലെ ഉപദേശം പാർട്ട്‌ ഉണ്ടാക്കാൻ വേണ്ടി മനഃപൂർവം ഉണ്ടാക്കിയെടുത്ത കഥയാണ് ഇത്…”

“ചെറുക്കനെ കുറ്റം പറയാൻ പറ്റില്ല… അമ്മാതിരി കോലമല്ലേ നിന്റേത്…”

കൊച്ചിക്കാരിയായ ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം ഒരു പതിനാലു വയസുകാരൻ വിദ്യാർത്ഥിക്ക് ലിഫ്റ്റ് കൊടുക്കുകയും ആ പയ്യൻ തന്റെ സ്വകാര്യ ഭാഗത്ത് പിടിച്ചോട്ടെ എന്ന് ചോദിക്കുകയും ചെയ്ത, അവർക്കും കേട്ടിരുന്നവർക്കും ഒരു തരിപ്പ് ഉണ്ടാക്കിയ അനുഭവം പറഞ്ഞ അവരുടെ വീഡിയോയുടെ താഴെ വന്ന കമ്മെന്റുകളിൽ ചിലത് മാത്രമാണിത്… ഈ കമ്മെന്റുകളുടെ ‘ഡോമിനേഷൻ ടോൺ’ വെച്ച് ഇത് ഏത് ലിംഗക്കാരുടേതാണ് എന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ… എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അവർക്ക് നേരിടേണ്ടി വന്ന വേർബൽ അബ്യൂസ് ഇത്‌ വരെയുള്ള കണക്ക് വെച്ച് നോക്കുമ്പോൾ കുറവാണ്…. അതിലും എത്രയോ ഇരട്ടിയാണ് ആ കമെന്റുകൾ വായിച്ചു ഒളിഞ്ഞിരുന്നു ശരി വെച്ചവരും അവരെ പ്രോത്സാഹിപ്പിച്ചവരും ഒരാൾ നേരിട്ട ദുരനുഭവത്തെ ആഘോഷമാക്കിയവരും.

ഒരു 14 വയസുകാരന്റെ ലൈംഗിക ഉത്കണ്ഠകളും ആകാംഷകളും എത്രത്തോളമുണ്ടാവുമെന്ന് ആ കാലം കഴിഞ്ഞുവന്ന നമ്മൾക്ക് അറിയാവുന്ന കാര്യം തന്നെയാണ്… അതിപ്പോൾ വർഷങ്ങൾക്ക് മുമ്പ് നമ്മൾ നേരിട്ട അതേ തീവ്രത തന്നെയാണോ എന്ന് ചോദിച്ചാൽ അതിനേക്കാൾ കൂടുതലാവും എന്നേ പറയാൻ പറ്റു… കാരണം ഇപ്പോഴത്തെ തലമുറയുടെ വിരൽ തുമ്പിൽ അതിനുള്ള സോഴ്സ് ഉണ്ട്… പക്ഷെ അത്‌ കേവലം ന്യൂഡിറ്റി എന്നതിനപ്പുറത്തേക്ക് ലൈംഗികത എന്നത് വിശാല അർത്ഥത്തിൽ മനസിലാക്കേണ്ട,പഠനമാക്കേണ്ട വിഷയമാണ് എന്നത് ഇപ്പോഴും ഒരു ‘നഗ്ന’സത്യമായി തന്നെ തുടരുന്നു….ഒളിച്ചും പാത്തും ഭയന്നും നമ്മുടെ തലമുറ ഒളിച്ചു വെച്ച ‘തുണ്ട്’ CD കളും വാരികകളും ഇപ്പോൾ ഒരു നൊസ്റ്റാൾജിയ ആയി തോന്നുന്നതിനപ്പുറം നമ്മുടെ മാനസിക സംഘർഷങ്ങളുടെ കൂടി അടയാളപെടുത്തലുകളാണ്…. എന്തോ വലിയ കുറ്റം ചെയുന്ന കണക്കിനായിരുന്നു അന്ന് ഇതെല്ലാം ഒളിച്ചു വെച്ചിരുന്നതെങ്കിൽ ഇന്ന് സെർച്ച്‌ ഹിസ്റ്ററി ഒന്ന് ഡിലീറ്റ് ചെയ്താൽ തെളിവുകൾ മായിക്കപ്പെടുന്ന ‘കുറ്റം’ മാത്രമായി മാറിയത്…. പക്ഷെ ആത്യന്തികമായി ലൈംഗികത എന്നത് അന്നും ഇന്നും നമ്മുടെ കുട്ടികൾക്ക് തുറക്കാത്ത അധ്യായം തന്നെയാണ്.

ഒരു പതിനാല് കാരൻ കുറച്ചു സമയം മാത്രമുള്ള സ്ത്രീ സാമിപ്യം കൊണ്ട് ഒരു പൊതുസ്ഥലത്ത് വെച്ച് ഇത്‌ ചോദിക്കാൻ ധൈര്യം കാണിച്ചെങ്കിൽ നാളെ ‘അനുകൂലമായ’ ഒരു സാഹചര്യത്തിൽ അവന്റെ അടക്കി വെച്ച വികാരം ഒരു റേപ്പ് ആയി പുറത്തുവന്നുകൂടാ എന്നില്ല… അത്‌ ആ കുട്ടിയുടെ മാനസിക വൈകല്യമല്ല, മറിച്ച് സാമൂഹ്യ പരമായി അവനെ ആ അവസ്ഥയിലേക്ക് എത്തിച്ചതാണ്… ലൈംഗികതയെ പറ്റി തുറന്നു പറയാൻ പറ്റാത്ത കാലത്തോളം നമ്മൾക്ക് അത്‌ ‘അയ്യേ’ എന്ന് പരസ്യമായി പറയാനും രഹസ്യമായി ആസ്വദിക്കാനുമുള്ള വിഷയവുമാണ്… Reproduction അല്ലെങ്കിൽ എങ്ങനെയാണ് ഒരു ജീവൻ ഉണ്ടാവുന്നത് എന്നും അതിൽ ലൈംഗികതയുടെ സ്ഥാനം എന്താണെന്നും അറിയാൻ ഒമ്പതാം ക്ലാസിലെ ബയോളജിയിലെ ഒരു ചാപ്റ്റർ മാത്രമാണ് ഇന്നും നമുക്കുള്ളത്… അന്ന് പഠിപ്പിക്കുന്ന സാർ അല്ലേൽ ടീച്ചർ പറയും ഇത്‌ എല്ലാവരും വായിച്ചു നോക്കണം, സംശയം ഉള്ളവർ ചോദിക്കണം, വിശദമായി പ്ലസ് ടൂവിൽ ബയോളജി സയൻസ് എടുക്കുന്നവർ പഠിക്കും എന്നെല്ലാം പറഞ്ഞൊരു ഓട്ടമാണ്… അവിടെ തുടങ്ങുന്നു നമ്മുടെ പരാജയം… എന്ത് കൊണ്ടാണ് ഒമ്പതാം ക്ലാസ്സിൽ ആ ചാപ്റ്റർ ഉൾപെടുത്തിയത് എന്ന് ആരും ചിന്തിക്കില്ല…ടീനേജ് കാലഘട്ടം തുടങ്ങുന്ന 13ആം വയസിലാണ് ഒരു വിദ്യാർത്ഥി ഒമ്പതാം ക്ലാസിൽ എത്തുന്നത്… അങ്ങനെ ശാരീരികവും മാനസികവുമായി ലൈംഗിക വിദ്യാഭ്യാസം നേടാൻ പക്വമായ വിദ്യാർത്ഥികളോട് അതിനെ പറ്റി നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയാത്ത വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് ആദ്യ കുറ്റക്കാർ…. വളർന്നു വരുന്ന സ്വന്തം മക്കളോട് ഇതിനെ പറ്റി ഒന്ന് തുറന്നു സംസാരിക്കാൻ സമയം കണ്ടെത്താത്ത അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയാത്ത മാതാപിതാക്കളാണ് അടുത്ത തെറ്റുകാർ…സ്വന്തം സഹോദരനോടോ സഹോദരിയോടോ ഇതിനെ പറ്റി സംസാരിക്കാതെ അവരുടെ വിഷമങ്ങൾ മനസിലാക്കാതെ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അവരോട് ദേഷ്യപ്പെടുന്ന സഹോദരങ്ങൾക്കും ഇതിൽ സ്ഥാനമുണ്ട്… ഇവരും ഇവരെപോലെയുള്ള മനുഷ്യരും ചേരുന്ന ഈ സമൂഹത്തിന് ഇതിൽ ഉത്തരവാദിത്തമുണ്ട്…മൂടി വെച്ചാൽ ഇല്ലാതാവുന്ന ഒന്നല്ല ലൈംഗിക ആരാജകത്വം… ഒരാളുടെ ആ ഫ്രസ്ട്രേഷന് മറ്റൊരാൾ ഇരയാകുന്നത് വരെ നമ്മൾ കാത്ത് നിൽക്കും…പക്ഷെ അത്തരം വേട്ടക്കാർ ഉണ്ടാവാതിരിക്കാൻ എന്താണ് മാർഗം എന്ന് ചോദിച്ചാൽ ഉത്തരവുമില്ല.

ഒരാൾ നേരിട്ട Sexual Trauma യെ അവരുടെ ഡ്രെസ്സിനോട് ചേർത്ത് കെട്ടി നോർമലൈസ് ചെയുന്നത് ആദ്യമൊന്നുമല്ല… അതിന് അവസാനവുമില്ല…പെണ്ണാണോ പരാതിക്കാരി, അപ്പോൾ കുറ്റം അവളുടെ തുണിയുടെ ഇറക്കവും നടപ്പുമായിരിക്കും എന്ന പൊതുബോധം തന്നെയാണ് ഇവിടെയും വർക്ക്‌ ചെയ്തത്… ആ പൊതുബോധത്തെയും അതേ മാനസിക നിലയുള്ള പതിനാലു വയസുകാരന്റെ ചിന്തകളെയും സൃഷ്ടിച്ചത് നമ്മുടെ ലൈംഗിക ആരാജകത്വം തന്നെയാണ്… ഇവർ ഇപ്പോഴും പിന്തുടരുന്നത് “ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും” എന്ന തിയറി ആണ്… ഒന്നുകിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ Sex Education ന് കാര്യ മാത്രമായ പ്രസക്തി കൊടുക്കുക… ലൈംഗികത എന്നതിന്റെ അർത്ഥം വെറും വികാര ശമനം മാത്രമല്ല എന്ന് കുട്ടികളെ പഠിപ്പിക്കുക… കൂട്ടത്തിൽ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് വേണ്ടി, നാളെ അവരോരു റേപ്പ് കൾപ്രിട്ടോ വിക്ടിമോ ആവാതിരിക്കാൻ വേണ്ടി, ഓപ്പോസിറ്റ് സെക്സിനോട് മാന്യമായി പെരുമാറാൻ വേണ്ടി, അവനവന്റെ തന്നെ മാനസിക വളർച്ചക്ക് വേണ്ടി കുറച്ചു സമയം മാറ്റി വെക്കുക…. തുറന്ന് സംസാരിച്ചാൽ, പഠിപ്പിച്ചാൽ, മനസിലാക്കിയാൽ അവർ ഒരിക്കലും ലൈംഗിക ദാരിദ്ര്യത്തിന്റെ ഇരകളാവില്ല…കാരണം ഇനിയുള്ള തലമുറയെങ്കിലും മേളിൽ കമന്റ്‌ ഇട്ടവരുടെ പ്രതിനിധികളാവരുത്,കുറഞ്ഞ പക്ഷം മറ്റൊരാളുടെ സ്വകാര്യ ഭാഗത്ത്‌ സ്പർശിക്കുന്നതാണ് ലൈംഗികത എന്ന് കരുതിയ ആ മനോനിലയുടെ ഉടമകളാവരുത്, വസ്ത്രമാണ് ലൈംഗിക വികാരങ്ങളുടെ അളവ്കോൽ എന്ന പുരുഷ കേന്ദ്രീകൃത ചിന്തകളുടെ ഫാക്റ്ററികൾ ആവരുത്, വിശുദ്ധ സ്ലീവാചൻമാർ ആവരുത്…

cp-webdesk