ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ബോളിവുഡ് നടിമാരുടെ ഫോണുകളിലെ ഡിലീറ്റ് ചെയ്ത മെസ്സേജുകൾ വീണ്ടെടുക്കും. ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ് എന്നിവരുടെ ഫോണുകളിലെ നീക്കം ചെയ്ത സന്ദേശങ്ങളാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) വീണ്ടെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നടപടി. നേരത്തെ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ പക്കൽ നിന്നും ഇതേ രീതിയിലാണ് വിവരങ്ങൾ ശേഖരിച്ചത്.
ശനിയാഴ്ചയായിരുന്നു ദീപിക ഉൾപ്പടെയുള്ള താരങ്ങളെ എൻസിബി ചോദ്യം ചെയ്തത്. തുടർന്ന് ഇവരുടെ പക്കൽ നിന്നും ഫോണുകളും വാങ്ങി വെച്ചിരുന്നു.
“ഞങ്ങൾ അഭിനേതാക്കളുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ നടപ്പാക്കും.” എൻസിബി’യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചാറ്റുകളെ കുറിച്ച് താരങ്ങൾ നൽകിയ പ്രസ്താവനകൾ പരിശോധിക്കുകയും ഡിലീറ്റഡ് മെസ്സേജുകൾ വീണ്ടെടുക്കുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട മറ്റ് പേരുകൾ അറിയാനും കഴിയുമെന്ന് എൻസിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഫോറൻസിക് ക്ലോണിംഗ് വഴി ഒരു മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും ഡാറ്റകളും വീണ്ടെടുക്കാം. ഐടി നിയമം 65 (ബി) പ്രകാരം, വീണ്ടെടുത്ത ഈ ഡാറ്റയും കോടതിയിൽ തെളിവായി ഉപയോഗിക്കാം.
ധർമ്മ പ്രൊഡക്ഷനിലെ മുൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷീതിജ് പ്രസാദ് ഉൾപ്പെടെ 20 പേരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പുതുതായി ആർക്കും നോട്ടീസ് നൽകിയിട്ടില്ല. ഇപ്പോൾ പ്രസാദിനെ ചോദ്യം ചെയ്യുന്നതിലും ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രസാദ് വെളിപ്പെടുത്തുമോ എന്നതിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഏജന്റുമാരിൽ നിന്നും പ്രസാദ് ലഹരി മരുന്ന് വാങ്ങിയെന്നാണ് നിലവിൽ ഉള്ള കുറ്റം. എന്നാൽ മറ്റാർക്കും ഇത് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.