നവാഗതനായ മുഷ്താഖ് റഹ്മാൻ കാര്യടൻ എഴുത്തും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ദേര ഡയറീസ്. പൂർണ്ണമായും യു.എ. എയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം പ്രവാസികളുടെ വിവിധ അവസ്ഥകളെ ആവിഷ്കരിക്കുന്ന ചിത്രമാണ്.
യൂസഫ് എന്ന മനുഷ്യനെ കുറിച്ച് പല മനുഷ്യരിലൂടെ, അവരുടെ കണ്ണിലൂടെ വരച്ചു കാട്ടുകയാണ് സംവിധായകൻ. യൂസഫിനെ അറിയുന്നവർ, അവിചാരിതമായി പലരുടെയും ജീവിതത്തിൽ പ്രതീക്ഷയുടെ നറുവെട്ടമായി അദ്ദേഹം ഉദിച്ചുയരുന്നുണ്ട്. അതിലൂടെ പ്രകാശിച്ച ജീവിതങ്ങളിലൂടെ സംവിധായകൻ യൂസഫിന്റെ കഥ പറയുകയാണ് ചിത്രത്തിൽ. പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ, കഷ്ടപ്പാടുകൾ, പ്രതീക്ഷയുടെ നാളേക്ക് വേണ്ടി കാത്തിരിക്കുന്നവർ അങ്ങനെ ഒരുപാട് പച്ചയായ പ്രവാസ ജീവിതങ്ങളുടെ നേർ പകർപ്പ് നമുക്കിവിടെ കാണാം. അറബിക്കഥയും പത്തേമാരിക്കും ശേഷം പ്രവാസികളുടെ കഥ മനുഷ്യ പക്ഷത്ത് നിന്ന് സംസാരിച്ച സിനിമ കൂടിയാണ് ദേര ഡയറിസ്. ഒട്ടും മുഷിപ്പിക്കാത്ത, കലർപ്പില്ലാത്ത ജീവിതങ്ങൾ കൊണ്ട് സമ്പന്നമാണ് തിരക്കഥയിലെ സന്ദർഭങ്ങൾ. യൂസഫിനെ വ്യാഖ്യാനിക്കുന്ന മനുഷ്യ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്, അവരുടെ പ്രശ്നങ്ങൾ സാധാരണക്കാരന്റെ പ്രശ്നങ്ങളാണ്. അത് കൊണ്ട് തന്നെ മനുഷ്യ ഭാഷ്യത്തിൽ അവരെല്ലാം പ്രേക്ഷകരോട് അടുക്കുന്നു. സ്വാർത്ഥ താൽപര്യങ്ങൾക്ക് മാത്രം പോകാതെ സഹ ജീവികളോട് അനുകമ്പയും, അപരിചിതരോട് പോലും കാരുണ്യത്തിന്റെ ഭാഷ സംസാരിക്കുന്ന ഒരു യൂസഫ് എന്ന കഥാപാത്രമായി അബു വളയംകുളം നിറഞ്ഞു നിൽക്കുന്നുണ്ട് ചിത്രത്തിൽ. മലയാളത്തിൽ ഈടയിലും, അഞ്ചാം പാതിരയിലുമാണ് അബു മുൻപ് വേഷമിട്ടിട്ടുള്ളത്. തമിഴിൽ വിജയ് സേതുപതി നിർമിച്ച ‘മേർക്ക് തുടർച്ചി മലയ്’ എന്ന ചിത്രത്തിലും അബു മികച്ച വേഷം കാഴ്ചവെച്ചിരുന്നു. മലയാളത്തിൽ അദ്ദേഹത്തിന് ആദ്യമായി ഒരു മുഴു നീള നായക വേഷം ചെയ്യുകയാണ് ദേര ഡയറീസിലൂടെ. അദ്ദേഹം അത് വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. കമ്മട്ടിപാടത്തിൽ ദുൽക്കറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഷാലു റഹിമും മറ്റൊരു മികച്ച പ്രകടനം കൊണ്ട് ദേര ഡയറീസിലുണ്ട്. അത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഹിറ്റ് എഫ്.എം ദുബായിലെ പ്രശസ്ത ആർ ജെ അർഫാസ് ഇഖ്ബാലും ചിത്രത്തിലുണ്ട് അദ്ദേഹവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയുടെ ലോകത്തേക്കുള്ള കാൽവെപ്പ് അർഫാസ് ഗംഭീരമാക്കി.
ദീൻ കമറിന്റെ ഛായാഗ്രഹണം പ്രവാസ ജീവിതത്തിലെ കാഴ്ചകൾ മനോഹരമാക്കാൻ സാധിച്ചു. ഓരോ ജീവിതങ്ങളുടെയും നേർപകർപ്പ് മനോഹാര്യതയിൽ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധ്യമായി. അവ വേണ്ട വിധത്തിൽ കോർത്തിണക്കുവാൻ നവീൻ പി വിജയന്റെ എഡിറ്റിംഗിന് സാധിച്ചു. ജോ പോളിന്റെ ഹൃദ്യമായ വരികൾക്ക് സിബു സുകുമാരന്റെ മധുരമുള്ള സംഗീതം ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. വൈകാരിക നിമിഷങ്ങളിൽ അതിന്റെ താളം നിലനിർത്താനും മാറ്റ് കൂട്ടുവാനും സംഗീതത്തിന് സാധ്യമായി.