കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്. സൂപ്പർ താര ചിത്രങ്ങൾ ഉൾപ്പടെ നിലവിൽ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മോഹൻലാൽ സംവിധായകനാകുന്ന ചിത്രമായ ബറോസ്, അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം, ജോഷി സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രമായ പാപ്പൻ എന്നിവയാണ് നിലവിൽ ചിത്രീകരണം നിർത്തിവെച്ച വമ്പൻ പ്രോജക്റ്റുകൾ.
മാർച്ച് 31ന് എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ബറോസ് ഗോവയിലേക്ക് ഷിഫ്ട് ചെയ്യാനിരിക്കവേയാണ് അവിചാരിതമായി ഷെഡ്യൂൾ
ബ്രേക്ക് ചെയ്തത്. ഗോവൻ ഷെഡ്യൂളിൽ പങ്കെടുക്കേണ്ട ചില അഭിനേതാക്കൾക്കുൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ബറോസിന്റെ
ചിത്രീകരണം നിറുത്തിവച്ചത്. എറണാകുളത്ത് സെറ്റ് വർക്ക് പുരോഗമിക്കുന്ന ചിത്രം സെറ്റ്വർക്ക് പൂർത്തിയായശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കും. സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഇൻഡോർ ഷൂട്ടിംഗ് ആണ് ഇനി നടക്കുക.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അമൽ നീരദ് മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം കഴിഞ്ഞ ശനിയാഴ്ചയാണ് ഷെഡ്യൂൾ പാക്കയ്പ്പായത്.
നിലവിൽ 25 ദിവസത്തിലധികം ചിത്രീകരണം ബാക്കിയുള്ള ചിത്രത്തിൽ മമ്മൂട്ടിക്ക് പത്ത് ദിവസത്തെ ഷൂട്ട് കൂടിയാണ് ബാക്കിയുള്ളത്. കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതിന് ശേഷമേ ഭീഷ്മപർവ്വത്തിന്റെ ചിത്രീകരണം പുനരാരംഭിക്കൂവെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.
സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാപ്പന്റെ ഷൂട്ടിംഗ് ചൊവ്വാഴ്ചയാണ് നിറുത്തിവച്ചത്. ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന ഔട്ട് ഡോർ രംഗങ്ങളാണ് വരും ദിവസങ്ങളിൽ പാപ്പന് വേണ്ടി ചിത്രീകരിക്കാനുള്ളത്. കൂടാതെ ഫ്ളാഷ് ബാക്ക് രംഗങ്ങളുടേതുൾപ്പെടെ ഇരുപത് ദിവസത്തെ ചിത്രീകരണമാണ് പാപ്പന് ഇനി ബാക്കിയുള്ളത്. അതേസമയം മേയ് അഞ്ച് മുതൽ പാപ്പന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.