അന്തരിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന് അനുശോചനം അറിയിച്ച് മലയാള സിനിമ ലോകം. തന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആനന്ദ് എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.

‘മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും എന്നാണ് മോഹൻലാൽ കുറിച്ചത്. കെ.വി. ആനന്ദ് സംവിധാനം ചെയ്ത അവസാന ചിത്രം കാപ്പാനില്‍ സൂര്യക്കൊപ്പം മോഹൻലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു .

‘പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഹൃദയഭേദകം എന്നുതന്നെ പറയാം. ഓരോ വർക്കുകളിലും മാജിക് സൃഷ്ടിച്ച വലിയ സംവിധായകനും ഛായാഗ്രാഹകനുമാണ് അദ്ദേഹം. കാതൽ ദേശം എന്ന ചിത്രത്തിലൂടെ ആ ഫ്രെയ്മിൽ ഉൾപ്പെടാൻ എനിക്കും ഭാഗ്യം ലഭിച്ചു. സുവർണസ്മരണകൾ എന്നും നിലനില്‍ക്കും. സിനിമാലോകത്തിന് ഇത് തീരാനഷ്ടം.’– നടൻ വിനീത് കുറിച്ചു

ഇവരെ കൂടാതെ പ്രിയദർശൻ, നിവിൻ പോളി, ടൊവീനോ, മഞ്ജു വാരിയർ തുടങ്ങി നിരവധി താരങ്ങൾ കെ.വി. ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് കെ.വി. ആനന്ദ് മരണപ്പെട്ടത്. 54 വയസ്സായിരുന്നു. 1994ൽ മോഹൻലാൽ നായകനായ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.

