Cinemapranthan

കച്ചിയിൽ നിന്നും കൊച്ചിയിലേക്ക്; ശേഷം ബോളിവുഡിലേക്ക് പിന്നെ മോളിവുഡിലേക്ക്

ദൂരദർശൻ കാലഘട്ടം മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ടവയാണ്, മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി ഓർമ്മകൾ ദൂരദർശൻ സമ്മാനിച്ചിട്ടുണ്ട്. ദൂരദർശന് വേണ്ടി ഡോക്യൂമെന്ററികൾക്കും സീരിയലുകൾക്കുമെല്ലാം തിരക്കഥ രചിച്ചു സംവിധാനം നിർവഹിച്ചിരുന്ന ആദം അയൂബ് എന്ന വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? സംവിധാനത്തോടും സിനിമയോടുമുള്ള തന്റെ താൽപര്യം കൊണ്ട് ആദം അയൂബ് ചെന്നൈയിലേക്ക് വണ്ടി കയറി. ശേഷം രജനികാന്തിനും ശ്രീനിവാസനുമൊപ്പം അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പഠിച്ചു. അദ്ദേഹം ഇന്നൊരു നടനും കൂടിയാണ്. ദൃശ്യം 2വിലെ ജഡ്‌ജിയെ ഓർക്കുന്നുണ്ടോ? ആ വേഷം ചെയ്ത വ്യക്തി തന്നെ. തുടർന്ന് റാം എന്ന ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിലും അദ്ദേഹം ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പോലെ തന്നെ മകനും സിനിമയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

അച്ഛനും മകനും ഒരേ സെറ്റിൽ വിവിധ പ്രക്രിയയിൽ അവരുടെ സ്വപ്നം ജീവിക്കുകയാണ്. ആ മകന്റെ പേര് അർഫാസ് അയൂബ്. തുടക്കം മുതലേ സിനിമ കുടുംബമായിരുന്നു അർഫാസിന്റേത്. ആദം അയ്യൂബിന്റെ മുത്തച്ഛൻ അബ്‌ദുൽ സത്താർ സേട്ടുവാണ് മട്ടാഞ്ചേരിയിൽ ‘ബാലൻ’ എന്ന ആദ്യ മലയാള ശബ്ദ ചിത്രം പ്രദർശിപ്പിക്കുന്നത്. മാത്രമല്ല മട്ടാഞ്ചേരിയിൽ ‘പാരാമൗണ്ട്’ എന്ന പേരിൽ തിയേറ്റർ തുടങ്ങിയതും അബ്‌ദുൽ സേട്ടുവാണ്. കഛീ മേമൺ എന്ന സമുദായത്തിലെ അംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയോടുള്ള താൽപര്യവും തീരുമാനങ്ങളുമെല്ലാം സമുദായം എതിർത്തിരുന്നു. സമുദായം അദ്ദേഹത്തിൻറെ സിനിമാ ബന്ധത്തെ ശക്തമായി എതിർക്കുകയും അദ്ദേഹത്തോട് ആ മേഖലയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു.

അദ്ദേഹ൦ ആ ആവശ്യം നിരസിച്ചതോടെ അവർ അദ്ദേഹത്തെ ബഹിഷ്ക്കരിക്കുകയും ചെയ്തു. ഈ ബഹിഷ്ക്കരണം മറി കടക്കാൻ അദ്ദേഹം ആ സമുദായ അംഗംങ്ങളെ സൗജന്യമായി സിനിമാ കാണാൻ ക്ഷണിച്ചു. ചിലർ രഹസ്യമായി സിനിമാ കാണാൻ ചെന്നു. അങ്ങനെയുള്ള ഒരു സിനിമാ പാരമ്പര്യത്തിന്റെ മങ്ങാത്ത തുടക്കം അർഫാസിന്റെ കുടുംബത്തിനുണ്ട്. അങ്ങനെ തുടങ്ങുന്ന സിനിമാ ബന്ധം തലമുറകളിലൂടെ വളരുകയാണ്. ഇന്നത് ഈ അച്ഛനും മകനും അഭിനിവേശമാണ്.അർഫാസ് സിനിമയുടെ ആദ്യ ചുവടുകൾ വെച് തുടങ്ങിയത് തന്റെ അച്ഛന്റെയൊപ്പം തന്നെയാണ്. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സെറ്റുകളിൽ സംവിധാന സഹായിയായി ഒപ്പം പോയി. അപ്പോഴാണ് സിനിമയെ കുറച്ചു കൂടി ഗൗരവത്തോട് കൂടി അർഫാസ് സമീപിക്കുവാൻ തുടങ്ങിയത്. പക്ഷെ സംവിധായകന്റെ മകൻ എന്ന ലേബലിൽ മാത്രം അർഫാസിനെ എല്ലാവരും പരിഗണിച്ചു. അത് തന്റെ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്നും ചിലതൊന്നും ഒഴിവാക്കാൻ സാധ്യമല്ലെന്നും അയാൾ തിരിച്ചറിഞ്ഞു.


അപ്പോൾ അർഫാസ് ആ തണലിൽ നിന്ന് മാറി സഞ്ചരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കുവാനും തീരുമാനിച്ചു.അങ്ങനെ അർഫാസ് മുംബയിലേക്ക് വണ്ടി കയറി.ബോളിവുഡിൽ സ്വപ്രയത്നത്താൽ ഒട്ടേറെ ചിത്രങ്ങളിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. അതിനിടയിലാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദി ബോഡി’ എന്ന ഹിന്ദി ചിത്രത്തിലും അർഫാസ് സഹ സംവിധായകനായി പ്രവർത്തിച്ചത്. ശേഷം ജീത്തു ജോസഫിന്റെ ദൃശ്യം 2വിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുവാൻ അർഫാസിന് അവസരം ലഭിച്ചു. അത് തന്റെ കരിയറിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു. അതേ സിനിമയിൽ തന്റെ അച്ഛനും ജഡ്ജിയുടെ വേഷത്തിൽ വന്നു.

അങ്ങനെ കരിയറിന്റെ പ്രധാന ഘട്ടത്തിൽ അച്ഛനോടൊപ്പം പ്രവർത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.ദൃശ്യം 2 തെലുങ്ക് പതിപ്പിലും അർഫാസ് ചീഫ് അസോസിയേറ്റ് ആയി പ്രവർത്തിച്ചു. ഇനി തുടർന്ന് ജിത്തു ജോസഫിന്റെ തന്നെ 12th മാനിലും റാമിലുമെല്ലാം അർഫാസുമുണ്ട്. യാദൃച്ഛികമായിരിക്കാം അച്ഛനും മകനും ഒരേ സിനിമയിൽ രണ്ട് മേഖലയിൽ അഭിനിവേശത്തോടെ തങ്ങളുടെ സ്വപ്നങ്ങൾ ജീവിക്കാനായത്. തങ്ങളുടെ സ്വപ്നങ്ങളിലുള്ള അർപ്പണ ബോധവുമാകാം. അർഫാസ് തന്റെ സിനിമാ സ്വപ്നങ്ങളുടെ അരികിലാണിപ്പോൾ… മലയാള സിനിമയ്ക്ക് പ്രതീക്ഷയുടെ പുത്തൻ പരിവേഷമായി ഒരു സംവിധായകൻ കൂടി പിറവിയെടുകട്ടെ

cp-webdesk