Cinemapranthan
null

‘മലൈക്കോട്ടൈ വാലിബൻ’; ചിത്രീകരണം നാളെ ആരംഭിക്കും: മോഹൻലാൽ ജോധ്പൂരിലെത്തി

ജോധ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

null

പ്രേക്ഷകർക്ക് ഏറെ ആവേശം നൽകിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയുടേത്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കുന്ന സിനിമ എന്ന പ്രത്യേകതയോടു കൂടിയെത്തുന്ന ‘മലൈക്കോട്ടൈ വാലിബന്’ വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണത്തിന് വേണ്ടി മോഹൻലാൽ രാജസ്ഥാനിൽ എത്തിയിരിക്കുകയാണ്. ജോധ്പൂരിൽ നാളെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജോധ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഒക്ടോബർ 25 ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന വിവരം പോലും ഇന്നലെയാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്.

അതെ സമയം മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ ഈ ആഴ്ച്ചയാണ് തിയറ്ററുകളിൽ എത്തുന്നത്. നേരത്തെ ചിത്രം ഇക്കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

cp-webdesk

null
null