Cinemapranthan
null

എന്ത് കൊണ്ട് സ്വഭാവ നടനായി ഫഹദ് ഫാസിൽ?; ഷമ്മിയെ അംഗീകരിച്ച ജൂറിയുടെ വിലയിരുത്തൽ

null

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ സ്വഭാവ നടനായി തിരഞ്ഞടുക്കപ്പെട്ടത് ഫഹദ് ഫാസിൽ ആയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനാണ് പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്. എന്ത് കൊണ്ട് ഫഹദ് ഫാസിൽ സ്വഭാവ നടനായി എന്ന് വിലയിരുത്തുകയാണ് ജൂറി.

പുരുഷ മേധാവിത്വം അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് ഫഹദിനെ അംഗീകാരം തേടിയെത്തിയത്. അതിഭാവുകത്വത്തിന്റെ അതിപ്രസരങ്ങൾ ഒന്നും തന്നെയില്ലാതെ സ്വാഭാവികമായി അഭിനയിപ്പിച്ചു ഫലിപ്പിച്ചു എന്നാണ് ജൂറി വിലയിരുത്തുന്നത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്ന ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനാക്കിയത്. രണ്ട് ചിത്രങ്ങളിലും തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ ഹൃദയസ്പർശിയായി ആവിഷ്കരിച്ച അഭിനയ മികവിനാണ് പുരസ്കാരമെന്ന് ജൂറി വിലയിരുത്തി.

‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളി പ്രത്യേക ജൂറി പരാമർശത്തിനർഹനായത്. ലക്ഷദ്വീപിലെ മതാത്മക ജീവിതത്തിന്റെയും മുംബൈ നഗരത്തിലെ അധോലോക ജീവിതത്തിന്റെയും ദ്വന്ദ്വഭാവങ്ങളെയും സംഘർഷഭരിതമായ പുരുഷകാമനകളെയും അയത്നലളിതമായി ആവിഷ്കരിച്ച അഭിനയമികവാണ് പരാമർശത്തിന് അർഹനാക്കിയതെന്ന് ജൂറി വിലയിരുത്തി.

ബിഗ്ബജറ്റ് സിനിമകൾ മുതൽ മികച്ച ചെറിയ ചിത്രങ്ങൾ ഉൾപ്പടെ 119 സിനിമകൾ മത്സരിച്ചത്തിൽ അൻപത് ശതമാനത്തിൽ ഏറെയും നവാഗത സംവിധായകരുടേതാണ് എന്നത് പ്രതീക്ഷയുളവാക്കുന്നു എന്ന് ജൂറി പറഞ്ഞു. സിനിമയുടെ ഭാഷയും ശൈലിയും വളരെയേറെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നത് സന്തോഷത്തോടെ നോക്കിക്കാണുന്നുവെന്നും ജൂറി വ്യക്താക്കി.

മറ്റ് പുരസ്കാര നേട്ടങ്ങളും ജൂറിയുടെ വിലയിരുത്തലും

മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി

ചിത്രം – ജെല്ലിക്കട്ട്

(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളെ അവതരിപ്പിക്കുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രമേയത്തെ മികച്ച കൈയടക്കത്തോടെയും ശില്പഭദ്രതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിന്

മികച്ച നടി – കനി കുസൃതി

ചിത്രം – ബിരിയാണി

(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

മതവും പുരുഷാധിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്‌കരിച്ച അഭിനയ മികവിന്.

മികച്ച സ്വഭാവനടി – സ്വാസിക വിജയ്

ചിത്രം – വാസന്തി

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

അസ്വാഭാവികമായ ജീവിത സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനശ്രമങ്ങളുടെ തീവ്രവും ഹൃദയസ്പര്‍ശിയുമായ ഭാവാവിഷ്‌കാരത്തിന്.

മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- സുശിന്‍ ശ്യാം

ചിത്രം – കുമ്പളങ്ങി നൈറ്റ്സ്

ഗാനം – എല്ലാ ഗാനങ്ങളും

(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)

കഥാന്തരീക്ഷത്തിന് ഉതകുന്ന വിധം മിതമായ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്തമായ ഈണങ്ങള്‍ ഒരുക്കിയ സംഗീത സംവിധാന പാടവത്തിന്.

cp-webdesk

null
null