Cinemapranthan
null

‘ഓഷ്യൻഗേറ്റ്’ ദുരന്തം സിനിമയാകുന്നു?; പ്രതികരിച്ച് ജെയിംസ് കാമറൂൺ

ഓഷ്യൻഗേറ്റ് ഫിലിം പ്രൊജക്റ്റിലെ തന്റെ പങ്കാളിത്തത്തെകുറിച്ചാണ് കാമറൂൺ പ്രതികരിച്ചരിക്കുന്നത്

null

ടൈറ്റാനിക് കാണാൻ പുറപ്പെട്ട ‘ഓഷ്യൻഗേറ്റ്’ അന്തർവാഹിനി കടലിനടിയിൽ കാണാതായതും അപകടത്തിൽ പെട്ട് അതിനുള്ളിലെ യാത്രക്കാർ മരിച്ചതും വളരെ വേദനയോടെയാണ് ലോകം കണ്ടത്. ആദ്യാവസാനം വരെ ‘ഓഷ്യൻഗേറ്റിന്റെ’ വാർത്തകൾ കണ്ണിമയ്ക്കാതെ കണ്ടിരുന്ന ലോകം, ‘ടൈറ്റാനിക്’ പോലെ ‘ഓഷ്യൻഗേറ്റും’ ജെയിംസ് കാമറൂൺ സിനിമയാക്കുമോ എന്ന് ആകാംഷപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഇപ്പോഴിതാ കാമറൂൺ തന്നെ മറുപടി നൽകിയിരിക്കുകയാണ്.

ഓഷ്യൻഗേറ്റ് ഫിലിം പ്രൊജക്റ്റിലെ തന്റെ പങ്കാളിത്തത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെ പറ്റി പ്രതികരിച്ച കാമറൂൺ താൻ ഓഷ്യൻഗേറ്റ് ചിത്രത്തിനായി ചർച്ചകൾ നടത്തുന്നില്ലെന്നും അതുമായി ബന്ധമില്ലെന്നും അറിയിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലും, ട്വിറ്ററിലും പങ്ക് വെച്ച കുറിപ്പിലൂടെയാണ് ജെയിംസ് കാമറൂൺ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

‘താൻ പൊതുവെ ഇത്തരം തെറ്റായ വിവരങ്ങളോട് പ്രതികരിക്കാറില്ലെന്നും എന്നാൽ ഇത് പോലൊരു വിഷയത്തെ കുറിച്ചുള്ള വാർത്ത ആയത് കൊണ്ട് തെറ്റ് തിരുത്താൻ താൻ നിർബന്ധിതനാണെന്നും’ വ്യക്തമാക്കി കൊണ്ടാണ് കാമറൂൺ ഇതിനെതിരെ രംഗത്ത് വന്നത്. താൻ ഒരിക്കലും ‘ഓഷ്യൻഗേറ്റ്’ സിനിമക്ക് വേണ്ടി ചർച്ച ചെയ്തിട്ടില്ലെന്നും ആ സിനിമ ചെയ്യാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും കാമറൂൺ വ്യക്തമാക്കി.

ജൂൺ 22 ന്, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി പോയ ‘ഓഷ്യൻഗേറ്റ്’ മുങ്ങിക്കപ്പലിനുള്ള തിരച്ചിൽ അവസാനിച്ചത് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ‘ഓഷ്യൻഗേറ്റിന്റെ’ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ്. ‘വിനാശകരമായ സ്ഫോടനത്തിലൂടെയാണ്’ ഓഷ്യൻഗേറ്റ് തകർന്നത് എന്നാണ് ഈ കണ്ടെത്തലുകളിലൂടെ അധികൃതർ ഉറപ്പിച്ചത്. കപ്പലിലുണ്ടായിരുന്നവരിൽ, ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ക്‌ടൺ റഷ്, ബ്രിട്ടീഷ് പാക്കിസ്ഥാൻ ശതകോടീശ്വരൻ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ്, ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ടൈറ്റാനിക് വിദഗ്ധൻ പോൾ-ഹെൻറി നർഗെലെറ്റ് എന്നിവരും ഉൾപ്പെടുന്നു.

cp-webdesk

null
null