പുറത്തെത്തി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വൈറലായി മാറിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ ചർച്ച വിഷയം. റിയാസ് ഖാന്‍ നായകനായ ‘മായക്കൊട്ടാരം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തി ഏതാനും മണിക്കൂറുകള്‍ക്കകം വൈറല്‍ ആയി മാറിയത്. റിയാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരും അതിലെ വാചകവുമാണ് പോസ്റ്റര്‍ ഇത്ര വേഗം ഹിറ്റാകാൻ കാരണം.
“ആ പോസ്റ്റര്‍ കാണുമ്പോള്‍ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റര്‍ ഇറക്കിയത്.” റിയാസ് ഖാൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നിലവിലുള്ള ചാരിറ്റി പ്രവര്‍ത്തകരില്‍ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചല്ല കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും സ്‍പൂഫ് സിനിമയുടെ പോസ്റ്ററും സ്‍പൂഫ് രീതിയില്‍ ചെയ്‍തതാണെന്നും റിയാസ് ഖാന്‍ പറയുന്നു. എന്നാൽ വൈറല്‍ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
കോമഡി വിഷയം കൈകാര്യം ചെയ്യുന്ന “മായക്കൊട്ടാരം” ഒരു സ്പൂഫ് സിനിമയാണ്. എന്ത് വിഷയം കണ്ടാലും ചാടിക്കേറി ഏല്‍ക്കുകയും, അതിനു വേണ്ടി പണം സമാഹരിക്കുകയും അത് യുട്യൂബില്‍ ഇടുകയും ചെയ്യുന്ന സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രമായാണ് റിയാസ് ഖാൻ ചിത്രത്തിൽ എത്തുന്നത്. ഫോട്ടോഷൂട്ട് മാത്രം കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. കഥാപാത്രത്തിന്‍റെ ഇമോഷണല്‍ തലത്തിലേക്കും ചിത്രം കടക്കുന്നു. സിനിമയില്‍ പലതും തൊട്ടും തൊടാതെയും പറഞ്ഞു പോകുന്നുണ്ടെന്നും റിയാസ് ഖാൻ പറഞ്ഞു.
സസ്‍പെന്‍സ് കില്ലര്‍ എന്ന ചിത്രത്തിലാണ് ഇപ്പോൾ റിയാസ് അഭിനയിക്കുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍, ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രം, ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാര്‍ തുടങ്ങിയവയാണ് റിയാസ് ഖാന്റെ പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ. മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വനിൽ സോമന്‍ സാംബവാന്‍ എന്നൊരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് റിയാസ് ഖാൻ അവതരിപ്പിക്കുന്നത്. മുഴുനീള വേഷമാണ് ചിത്രത്തിൽ റിയാസ് ഖാന്റേത്. ഐശ്വര്യ റായി, കാര്‍ത്തി, ജയം രവി, വിക്രം, കിഷോര്‍, ഞാന്‍, ശരത്കുമാര്‍, പ്രഭു, തൃഷ തുടങ്ങി 15 പ്രധാന കഥാപാത്രങ്ങളുണ്ട് പൊന്നിയിൽ സെൽവനിൽ.