ട്രൂ സോൾ പിക്ചേഴ്സിന്റെ ബാനറിൽ മലയാളി ആയ രൂപേഷ് കുമാർ നിർമിച്ച് തമിഴ് നാട്ടിൽ 160 ഓളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത് മികച്ച പ്രദർശന വിജയം നേടിയ “വീ ” എന്ന തമിഴ് ചിത്രം കേരളത്തിൽ റിലീസ് ചെയ്തു. വീക്കെന്റ് അടിച്ച് പൊളിക്കുന്നതിനായി 5 ബോയ്സും 5 ഗേൾസും അടങ്ങുന്ന ഒരു സംഘം ബാംഗ്ലൂർ നിന്നും യാത്ര പുറപ്പെടുന്നു. പ്രണയവും തമാശകളും ഒക്കെ ആയി യാത്ര തുടരുന്നതിനിടയിൽ അതിലൊരാൾ പുതിയതായി വന്ന ഒരു ‘ആപ്പി ‘നെ കുറിച്ച് പറയുന്നു.
ജനന തീയതി നൽകിയാൽ മരണ തീയതി അറിയാൻ കഴിയും എന്നതായിരുന്നു ആ ‘ആപ്പി’ന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാൻ അവർക്ക് അറിയുന്ന മരിച്ചു പോയ ചിലരുടെ ജനന തീയതി നൽകി പരിശോധിക്കുന്നു. ആപ്പിന്റെ പ്രവർത്തനത്തിൽ കൗതുകം തോന്നിയ അവർ യാത്രയിലുള്ള പത്ത് പേരുടെയും ജനന തീയതി നൽകിയപ്പോൾ വന്ന അവരുടെ മരണ തീയതി അവർ യാത്ര ചെയ്യുന്ന അതേ ദിവസത്തെ തീയതി ആയിരുന്നു. പിന്നീട് അവർ ഉൾക്കാട്ടിലുള്ള ഒരു റിസോർട്ടിൽ എത്തപെടുന്നു. തുടർന്ന് പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതും ആയ അവസ്ഥകളിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന ആ സംഘത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ കഥയാണ് ‘ വീ ‘ എന്ന തമിഴ് സിനിമ പറയുന്നത്.
മൂന്ന് പാട്ടുകളും, ഫൈറ്റും, ചെയിസും ഒക്കെ ആയി ഒരു കൊമേർസ്യൽ തമിഴ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്ന ഒരു മിസ്റ്ററി സസ്പെൻസ് ത്രില്ലർ ആണ് ‘വീ ‘. ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നീ ലൊക്കേഷനുകളിലായാണ് ” വീ ” ചിത്രീകരിച്ചിരിക്കുന്നത്. പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിർമിക്കാൻ തയ്യാറായതെന്ന് ട്രൂ സോൾ പിക്ചേഴ് സിന്റെ ഉടമ രൂപേഷ് കുമാർ പറയുന്നു. എയ്റോനോട്ടിക്കൽ എഞ്ചിനീയർ ആയ രൂപേഷ് കുമാർ കുടുംബസമേതം ബാംഗ്ലൂരിലാണ് താമസിക്കുന്നതെങ്കിലും പാലക്കാട്, കൊല്ലങ്കോട്, സ്വദേശി ആയ മലയാളി ആണ്. വ്യത്യസ്ത പ്രമേങ്ങൾ കണ്ടെത്തി സിനിമ ആക്കുക എന്ന ആഗ്രഹത്തോടെയാണ് രൂപേഷ് കുമാർ ട്രൂസോൾ പിക്ചേഴ്സ് എന്ന നിർമാണ – വിതരണ കമ്പനിക്ക് രൂപം നൽകിയിരിക്കുന്നത്. ഡാവിഞ്ചി ശരവണൻ ആണ് ‘ വീ ‘ യുടെ രചന, സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – അനിൽ. കെ. ചാമി, സംഗീതം – ഇളങ്കോ കലൈവാണൻ, എഡിറ്റിംഗ് – V. T. ശ്രീജിത്ത്, മാർക്കറ്റിംഗ് ഡിസൈനർ – M. A.രാജ്, അഭിനേതാക്കൾ : രാഘവ്, ലതിയ, സബിത ആനന്ദ്, RNR മനോഹർ, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ,റിനീഷ്, ദിവ്യൻ, ദേവസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രേക്ഷകർക്ക് ഇടയിലും നിരൂപകാർക്ക് ഇടയിലും മികച്ച അഭിപ്രായം നേടിയ “വീ ” കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത് രൂപേഷ് കുമാറിന്റെ ട്രൂസോൾ പിക്ചേഴ്സ് ആണ്.