“ഭാവിയിൽ സിനിമയിലേക്ക് വരുന്നവരോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇത് മാത്രമാണ്. ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക.” ഷക്കീല പറയുന്നു. തന്റെ ബയോപിക് റിലീസുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷക്കീല. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്നും ഷക്കീല പറഞ്ഞു.
ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ഷക്കീലയുടെ ജീവിതമാണ് ചിത്രം പറയുന്നത്. റിച്ച ചദ്ദയാണ് ഷക്കീലയായി എത്തുന്നത്. സിനിമയിലേക്ക് വരുന്നവരോട് താൻ ചെയ്ത തെറ്റുകൾ ആവർത്തിക്കരുത് എന്ന് പറഞ്ഞ താരം ഇത് തന്നെയാണ് തന്റെ പുസ്തകത്തിലും താൻ എഴുതിയിരിക്കുന്നത് താരം പറഞ്ഞു. ”ഞാൻ സിനിമ കണ്ടു. സിനിമയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കുന്ന ഒരു സന്ദേശം ഉണ്ട്. അതില്‍ അതിയായ സന്തോഷവുമുണ്ട്” ഷക്കീല പറഞ്ഞു.”
“എന്നെ കുറിച്ച് പറയാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്, അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല. എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല” ഷക്കീല പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
16-ാം വയസ്സിലാണ് ഷക്കീല സിനിമയിലേക്ക് വരുന്നത്. ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തില്‍ പിറന്ന ഷക്കീല മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ബി ഗ്രേഡ് സിനിമകളിലെ മുൻനിര നായികയായി മാറുകയായിരുന്നു. ഷക്കീലയുടെ സിനിമാ ജീവിതത്തിനപ്പുറം അവരുടെ വ്യക്തിത്വം തുറന്നു കാണിക്കുന്ന ചിത്രമാകും ഇതെന്നാണ് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പറയുന്നത്.
പങ്കജ് ത്രിപാഠി, എസ്‍തര്‍ നൊറോണ, ഷീവ റാണ എന്നിവര്‍ക്കൊപ്പം മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാമീസ് മാജിക് സിനിമ മോഷന്‍ പിക്ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.