അഭിനയത്തിനൊപ്പം തന്നെ മറ്റുള്ളവരെ സഹായിക്കുന്നതിലും മുന്നിലാണ് സന്തോഷ് പണ്ഡിറ്റ്. അത് കൊണ്ട് തന്നെ സന്തോഷ് പണ്ഡിറ്റിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതയും കൂടുതലാണ്. ഇപ്പോഴിതാ യുവാവ് കള്ള നോട്ട് നൽകി പറ്റിച്ച 93കാരിയായ ലോട്ടറി വിൽപ്പനക്കാരിയെ നേരിൽ കാണാൻ എത്തുകയും സഹായം നൽകുകയും ചെയ്തിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റ് തന്നെ ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
“ഞാൻ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദർശിച്ചു.. അവിടെ 93 വയസ്സായ ലോട്ടറി വിൽപന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരിൽ പോയി കണ്ട്…അവരെ കള്ള നോട്ട് നൽകി ചിലർ വഞ്ചിച്ച വാർത്ത അറിഞ്ഞാണ് പോയത്.. കാര്യങ്ങൾ നേരിൽ മനസ്സിലാക്കുവാനും , ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാനും സാധിച്ചു..”, എന്നാണ് ദേവയാനി അമ്മയെ സന്ദർശിച്ച ശേഷം വീഡിയോ പങ്കുവച്ച് കൊണ്ട് സന്തോഷ്
പണ്ഡിറ്റ് കുറിച്ചത്. ദേവയാനിയമ്മക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറയുന്നതും വിഡിയോയിൽ കാണാം.
കോട്ടയം മുണ്ടക്കയം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി ദേവയാനിയമ്മ തട്ടിപ്പിനിരയായത് വാർത്തകളിൽ നിറഞ്ഞിരുന്നു. നാലായിരം രൂപയുടെ കള്ളനോട്ട് നൽകിയാണ് യുവാവ് ദേവയാനിയമ്മയെ പറ്റിച്ചത്. ദേവയാനിയമ്മയുടെ വാർത്ത അറിഞ്ഞ് സഹായവുമായി നിരവധി പേർ എത്തിയിരുന്നു. സഹായങ്ങൾ ലഭിച്ചതോടെ ദേവയാനിയമ്മ വീണ്ടും ലോട്ടറി കച്ചവടം ആരംഭിച്ചു.