വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ സനല്‍കുമാര്‍ ശശിധരന്‍. എസ്.വി പ്രദീപ് ചെയ്ത നിശിതവും പലർക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാർത്താ അവതരണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ വെച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചതിനെതിരെയാണ് സനൽ കുമാർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചത്. ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ തുടർന്നും ഈ രീതിയിൽ പോസ്റ്റുകൾ കണ്ടിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു”.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
”പിണറായിയുടെ ഭരണത്തെക്കുറിച്ചും കുഞ്ഞനന്തന്‍റെ മരണത്തെകുറിച്ചുമൊക്കെ എസ്.വി പ്രദീപ് ചെയ്ത നിശിതവും പലർക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാർത്താ അവതരണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ വെച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്ന പോസ്റ്റുകൾ ധാരാളം കണ്ടു. അവയ്ക്കു രണ്ട് ഉദ്ദേശ്യങ്ങളാണ് ഉള്ളത്. ഒന്ന് ഇവൻ മരിച്ചതിൽ അത്ര സഹതപിക്കേണ്ട കാര്യമൊന്നുമില്ല എന്ന് പറയാതെ പറയുക. രണ്ടാമത്തേത് ഇവന്‍റെ അവസ്ഥ കണ്ടല്ലോ സൂക്ഷിച്ചോ എന്ന് മുന്നറിയിപ്പ് കൊടുക്കുക.
ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ തുടർന്നും ഈ രീതിയിൽ പോസ്റ്റുകൾ കണ്ടിരുന്നു. ഇന്ന് പ്രദീപ് നാളെ ആര് എന്ന് ആശങ്കപ്പെടാൻ മാത്രമേ കഴിയുന്നുള്ളു. കൊല്ലപ്പെടുന്നത് ഞാനാനെങ്കിൽ എന്തായിരിക്കും ആദരാഞ്ജലിക്കായി അവർ ഉപയോഗിക്കുന്ന സ്ക്രീൻഷോട്ടുകൾ എന്ന് ചിന്തിച്ചുപോയി. നോട്ട് നിരോധനം മുതൽ സെക്സിദുർഗ്ഗവരെ എല്ലാ കൂട്ടർക്കും വേണ്ടത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആദാരാഞലികൾ എനിക്ക് വേണ്ട സുഹൃത്തുക്കളെ അടിമത്തം രക്തത്തിൽ കലർന്നുപോയ നിങ്ങൾ അതിന്റെ പേരിൽ ഭയം വളർത്തരുത് എന്നുമാത്രമാണ് അഭ്യർത്ഥന”