ബോളിവുഡ് താരം ജോൺ എബ്രഹാം മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ച താരമാണ് രഞ്ജിത്ത് സജീവ്. ‘മൈക്ക്’എന്ന ചിത്രത്തിലൂടെ അനശ്വര രാജന്റെ നായകനായി മലയാളത്തിൽ അരങ്ങേറുമ്പോൾ ഒരു ബോളിവുഡ് താരത്തിന്റെതായ പരിവേഷമായിരുന്നു രഞ്ജിത്തിൽ പ്രകടമായിരുന്നത്. മസിലും മാസ്സും സ്റ്റൈലും ബോഡിയും ആക്ഷനും അടക്കം കംപ്ലീറ്റ് ഒരു ബോളിവുഡ് സ്റ്റാർ മെറ്റിരിയൽ. എന്നാൽ ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് നവാഗത പ്രതിഭക്കുള്ള അവാർഡ് കരസ്ഥമാക്കി രഞ്ജിത്ത് നമ്മളെ ഞെട്ടിച്ചു.
രണ്ടാം ചിത്രം ‘ഖൽബ്’ ലേക്ക് വരുമ്പോൾ ആണ് ഹീറോ ഇമേജിനുപരി രഞ്ജിത്തിലെ നടനെ ദൃഢീകരിക്കുന്ന കഥാപത്രം അയാൾ ചെയ്തെന്നു തോന്നിയത്. ആക്ഷൻ ഹീറോ ഇമേജിൽ നിന്നും മുഴുവനായി ട്രാക്കി മാറ്റി ഒരു റൊമാന്റിക് നായകനായാണ് രഞ്ജിത്തിനെ നമ്മൾ ഖൽബിൽ കണ്ടത്. ഖൽബ് കണ്ടവരാരും ലിയാണർഡോ കാൽപോയെ അത്രപെട്ടെന്ന് മറക്കില്ല. പ്രണയ നിമിഷങ്ങളും അതിനുശേഷമുള്ള പ്രണയ നഷ്ടവും കോൺട്രോൾഡ് ആയ പ്രകനത്തിലൂടെ രഞ്ജിത്ത് സജീവ് വളരെ മികവുറ്റതാക്കിയിരുന്നു.
നവാഗതനായ സംജാദ് ഒരുക്കിയ ‘ഗോളം’ എന്ന ചിത്രമാണ് രഞ്ജിത്തിന്റെ മൂന്നാം ചിത്രം. മിസ്റ്ററി ത്രില്ലെർ ആയ ഗോളം ഇപ്പോൾ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു രണ്ടു ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെ ആണ് ഗോളത്തിൽ രഞ്ജിത്ത് അവതരിപ്പിച്ചത്, സന്ദീപ് കൃഷ്ണ എന്ന IPS കാരനായി മലയാള പ്രേക്ഷകരുടെ മുൻപിൽ പക്വതയാർന്ന പ്രകടനം ആണ് രഞ്ജിത്ത് കാഴ്ചവെക്കുന്നത്.
എൻജിനിയറിങ് ബിരുദധാരിയായ രഞ്ജിത്തിനെ അഭിനയത്തോടുള്ള പ്രണയമാണ് സിനിമയിലെത്തിച്ചത്. ആദ്യ സിനിമ വിക്കി ഡോണർ അടക്കമുള്ള മികച്ച സിനിമകൾ നിർമ്മിച്ച ജോൺ എബ്രഹാം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണെന്നത് രഞ്ജിത്തിനെ സംബന്ധിച്ച് സ്വപ്നതുല്യമായ തുടക്കം തന്നെ ആയിരുന്നു. പിന്നീട് അദ്ദേഹത്തെ തേടി നിരവധി തിരക്കഥകൾ എത്തിയെങ്കിലും നല്ലതെന്നു തോന്നിയ ചിത്രങ്ങൾ മാത്രമാണ് രഞ്ജിത്ത് തിരഞ്ഞെടുത്തതും, ഖൽബും ഗോളവും അങ്ങനെ സംഭവിച്ചവയാണ്..
വെറും മൂന്ന് കഥാപാത്രങ്ങളെ ചെയ്തിട്ടുള്ളുവെങ്കിലും കഴിവ് കൊണ്ടും കഠിനദ്ധ്വാനം കൊണ്ടും മലയാള സിനിമയുടെ ഉയരങ്ങൾ കീഴടക്കാൻ സാധ്യതയുള്ള അഭിനേതാവായാണ് രഞ്ജിത്ത് സജീവിന്റെ കുറിച്ച് പ്രാന്തന് തോന്നിയത്.. ഓരോ സിനിമ കഴിയുമ്പോഴും അയാളിലെ നടനിൽ വരുന്ന അഭിവൃദ്ധി ഏറെ പ്രതീക്ഷ തരുന്നതാണ്.