Cinemapranthan
null

‘പഞ്ചവടിപ്പാലം’ മുതൽ ‘തൂവാനത്തുമ്പികൾ’ വരെ മലയാളത്തിന് ക്ലാസിക് സിനിമകൾ മാത്രം നൽകിയ നിർമ്മാതാവ് ഗാന്ധിമതി ബാലനെ കുറിച്ച് വായിക്കാം

null

മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് നിർമ്മാതാക്കളിൽ ഒരാളായിരുന്നു ഗാന്ധിമതി ബാലൻ. സിനിമയുടെ വിജയപരാജയങ്ങൾക്കപ്പുറം മികച്ച സിനിമകളുടെ ഭാഗമാവുക എന്ന നിറച്ച നിശ്ചയദാർഢ്യത്തിൽ നിന്നും ഒരുപറ്റം ക്ലാസിക് സിനിമകൾ ആണ്
അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.

സിനിമയെ പൊതുവെ കച്ചവട താൽപ്പര്യത്തോടെ മാത്രം സമീപിക്കുന്ന നിർമ്മാതാക്കളിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ കച്ചവട സിനിമകള്‍ക്കപ്പുറം കലാമൂല്യമുള്ള സിനിമകള്‍ നിര്‍മിക്കുന്നതിൽ അദ്ദേഹം കൂടുതൽ താല്പര്യം കാണിച്ചു. അതിനുവേണ്ടി പദ്മരാജൻ, ഭരതൻ, കെ ജി ജോർജ്ജ്, വേണു നാഗവള്ളി, ഫാസിൽ എന്ന് തുടങ്ങി മലയാളത്തിലെ പ്രഗത്ഭ സംവിധായകരുടെ കൂട്ടുപിടിച്ച് മികച്ച സൃഷ്ഠികൾ ഉണ്ടാക്കിയെടുപ്പിച്ചു. ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങി 30 ഓളം ചിത്രങ്ങൾ അതിൽ പെടും.

1982 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ബാലന്റെ ആദ്യ സിനിമ. അവിടുന്ന് അങ്ങോട്ട് വെറും എട്ടു വർഷക്കാലം മാത്രമാണ് നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹം സിനിമ മേഖലയിൽ പ്രവർത്തിച്ചതെന്ന് വേണമെങ്കിൽ പറയാം. തൊണ്ണൂറുകളുടെ തുടക്കം തന്നെ അദ്ദേഹം പതിയ നിർമ്മാണ രംഗത്ത് നിന്നും പിൻവാങ്ങിയിട്ടുണ്ട്.. ഉറ്റ സുഹൃത്ത് പദ്മരാജന്റെ വിയോഗം ഒരു പരിധിവരെ ആ പിന്മാറ്റത്തിന് കാരണമായിട്ടുണ്ട്, എന്തെന്നാൽ പദ്മരാജൻ സംവിധാനം ചെയ്ത ‘ഈ തണുത്ത വെളുപ്പാം കാലത്ത്’ ആയിരുന്നു അദ്ദേഹം നിർമ്മിച്ച അവസാന ചിത്രം. പിന്നീട് വിതരണ മേഖലയിൽ തുടർന്നെങ്കിലും പുതിയ തലമുറ സംവിധായകരുമായി കൈകോർക്കാൻ ഗാന്ധിമതി മുതിർന്നിട്ടില്ല. മോഹൻലാലുമായ് അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയിരുന്നു.

സിനിമയല്ലാതെ ബാലൻ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്

ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആയി വളർത്തുകയായിരുന്നു.

cp-webdesk

null
null