Cinemapranthan

ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടി ‘പല്ലൊട്ടി 90’s കിഡ്സ്’

സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘പല്ലൊട്ടി 90’s കിഡ്സ്’ ഈ വേനലവധിക്കാലത്ത് തിയറ്ററുകളിൽ എത്തും

null

ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടി ‘പല്ലൊട്ടി 90’s കിഡ്സ്’. നവാഗതനായ ജിതിൻരാജ് സംവിധാനം ചെയ്ത് നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിച്ച ചിത്രം കർണ്ണാടക ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 14 മത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ കോമ്പറ്റിഷൻ വിഭാഗത്തിലേക്ക് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ‘പല്ലൊട്ടി’ കൂടാതെ ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ‘ജനഗണമന’, തരുൺ മൂർത്തി ചിത്രം ‘സൗദി വെള്ളക്ക’, വിജീഷ് മണി ചിത്രം ‘ആദിവാസി’ എന്നിവയും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ‘പല്ലൊട്ടി’ തിയറ്റർ റിലീസിനെ എത്തുന്നതിന് മുമ്പേയാണ് ചലച്ചിത്ര മേളയിലേക്ക് എത്തിയത്.

തങ്ങളെ തൊണ്ണൂറുകളിലേക്ക് കൂട്ടി കൊണ്ട് പോകാൻ ചിത്രത്തിനായെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. കുറച്ച് നേരം കുട്ടിക്കാലത്തേക്ക് മനസ്സ് ഓടി പോയെന്ന് അഭിപ്രായപ്പെട്ട പ്രേക്ഷകർ എല്ലാവരുടെയും പ്രകടനം മികച്ചതാണെന്നും കൂട്ടി ചേർത്തു. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം തൊണ്ണൂറുകളിലെ മധുരം നിറച്ച ഓർമ്മകളാണ് നൽകുന്നത്. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമ ഫൈസൽ അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

മണികണ്ഠൻ അയ്യപ്പ ആണ് ‘പല്ലൊട്ടിയുടെ’ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഗാനരചന സുഹൈൽ കോയ. തിരക്കഥ ദീപക് വാസൻ. ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്ത്.

സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്. സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘പല്ലൊട്ടി 90’s കിഡ്സ്’ ഈ വേനലവധിക്കാലത്ത് തിയറ്ററുകളിൽ എത്തും.

cp-webdesk

null